കൊല്‍ക്കത്ത: ഐപിഎല്‍ പതിനെട്ടാം സീസണിന്റെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരു. കൊല്‍ക്കത്ത ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം 16.2 ഓവറില്‍ മറികടന്നു. ആര്‍സിബിക്കായി വിരാട് കോഹ്ലിയും ഫില്‍ സാള്‍ട്ടും അര്‍ധ സെഞ്ച്വറി നേടി. കോഹ്ലി 59 റണ്‍സുമായി പുറത്താകാതെ നിന്നു. ഫില്‍ സാള്‍ട്ട് 31 പന്തില്‍ 56 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍ 34 റണ്‍സ് നേടി.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കുയായിരുന്നു ആര്‍സിബി. കൊല്‍ക്കത്തയ്ക്ക് വേണ്ടി നായകന്‍ അജിങ്ക്യാ രഹാനെ അര്‍ധ സെഞ്ച്വറി സ്വന്തമാക്കി. 31 പന്തുകളില്‍ 6 ബൌണ്ടറികളും 4 സിക്‌സറുകളും സഹിതം രഹാനെ 54 റണ്‍സ് നേടിയാണ് പുറത്തായത്.
നരെയ്ന്‍ 26 പന്തില്‍ 44 റണ്‍സ് നേടി. എന്നാല്‍ തുടര്‍ന്ന് വന്നവര്‍ക്ക് മികച്ച സംഭാവനകള്‍ നല്‍കാനായില്ല. അംഗ്രിഷ് രഘുവംശി (30) അവസാന ഓവറുകളില്‍ പിടിച്ചുനിന്നതോടെയാണ് കൊല്‍ക്കത്തയുടെ സ്‌കോര്‍ 170 കടന്നത്. ആര്‍സിബിയ്ക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യ 4 ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ഹേസല്‍വുഡ് രണ്ടും റാഷിക് സലാം, സുയാഷ് ശര്‍മ്മ, യാഷ് ദയാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.