ദോഹ– ടോക്യോയിൽ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പുരുഷ 400 മീറ്റർ ഹർഡിൽസിൽ ഖത്തർ അത്‌ലറ്റുകളായ അബ്ദുറഹ്മാൻ സാംബയും ഇസ്മായിൽ അബാക്കറും ഫൈനലിലേക്ക് യോഗ്യത നേടി. ഒരു ലോക ചാമ്പ്യൻഷിപ് ഫൈനലിൽ ഒന്നിലധികം ഖത്തർ താരങ്ങൾ മത്സരിക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്.
സെമി ഫൈനലിന്റെ ആദ്യ ഹീറ്റിൽ 47.63 സെക്കൻഡിൽ ഒന്നാമതെത്തി, മുൻ വെങ്കല മെഡൽ ജേതാവായ അബ്ദുറഹ്മാൻ സാംബ ഫൈനൽ ഉറപ്പിച്ചു. ലോക റെക്കോർഡ് ഹോൾഡർ നോർവേയുടെ കാർസ്റ്റൺ വാർഹോമിനെ മറികടന്നാണ് ഈ നേട്ടം. രണ്ടാം ഹീറ്റിൽ 47.61 സെക്കൻഡ് എന്ന കരിയറിലെ ഏറ്റവും മികച്ച സമയത്തോടെ രണ്ടാമതെത്തിയ 21-കാരനായ ഇസ്മായിൽ അബാക്കർ തന്റെ ആദ്യ ഫൈനലിന് യോഗ്യത നേടി.
നൈജീരിയയുടെ എസെക്യേൽ നാഥാനിയേൽ 47.47 സെക്കൻഡിൽ സെമി ഫൈനലിലെ മികച്ച സമയം കുറിച്ചു. അമേരിക്കയുടെ റായ് ബെഞ്ചമിൻ, ബ്രസീലിന്റെ അലിസൺ ഡോസ് സാന്റോസ് തുടങ്ങിയ നാല് മുൻ ലോക ചാമ്പ്യൻഷിപ് ജേതാക്കൾക്കൊപ്പം ഈ ഖത്തർ താരങ്ങൾ ഫൈനലിൽ മത്സരിക്കും.
2019-ലെ ദോഹ ലോക ചാമ്പ്യൻഷിപ്പിൽ അബ്ദുറഹ്മാൻ സാംബ വെങ്കല മെഡൽ നേടിയിരുന്നു. ഇസ്മായിൽ അബാക്കറിന് ഇത് കന്നി ഫൈനലാണ്.