മാഞ്ചസ്റ്റർ – മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിക്ക് വിജയം. ഇത്തിഹാദ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു പെപിന്റെയും സംഘത്തിന്റെയും ജയം. ആതിഥേയർക്ക് വേണ്ടി സൂപ്പർ താരം എർലിങ് ഹാലൻഡ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ഫോഡനാണ് മറ്റൊരു ഗോൾ സ്വന്തമാക്കിയത്. രണ്ടു അസിസ്റ്റുമായി ഡോക്കുവും വിജയത്തിൽ നിർണായ പങ്കു വഹിച്ചു.
ഇരു ടീമിനും വിജയം അനിവാര്യമായ മത്സരത്തിന്റെ പതിനെട്ടാം മിനുറ്റിൽ യുണൈറ്റഡ് പ്രതിരോധ താരങ്ങൾക്ക് പറ്റിയ പിഴവും മുതലെടുത്ത് ഡോക്കു നൽകിയ പന്തിൽ തല വെച്ച് ഫോഡൻ സിറ്റിയെ മുന്നിലെത്തിച്ചു. ഒന്നാം പകുതിയിൽ ഇരു ടീമുകൾക്കും വീണ്ടും അവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല.
രണ്ടാം പകുതി ആരംഭിച്ചു എട്ടു മിനുറ്റുകൾക്ക് ശേഷം ഹാലൻഡ് പന്ത് വലയിൽ എത്തിച്ചതോടെ ലീഡ് ഇരട്ടിയാക്കി. ഈ ഗോളിനും വഴിയൊരുക്കിയത് ഡോക്കു തന്നെയായിരുന്നു. 68-ാം മിനുറ്റിൽ യുണൈറ്റഡിന്റെ ഹാഫിൽ ഒരു താരങ്ങൾ പോലുമില്ലാത്ത അവസരം ഹാലൻഡ് മുതലെടുത്തപ്പോൾ സ്കോർ 3-0. യുണൈറ്റഡിന് മത്സരത്തിൽ പലതവണ അവസരങ്ങൾ ലഭിച്ചെങ്കിലും സിറ്റിക്കുവേണ്ടി ആദ്യമായി ഗ്ലൗസ് അണിഞ്ഞ ജിയാൻലൂജി ഡോണാരുമ്മയുടെ പ്രകടനം ചെകുത്താന്മാർക്ക് തിരിച്ചടിയായി.
കഴിഞ്ഞ രണ്ടു മത്സരങ്ങളും തോറ്റ സിറ്റിക്ക് ഏറെ പ്രതീക്ഷകൾ നൽകുന്നു ണ്ട്. എന്നാൽ ചെകുത്താൻമാർ പ്രീമിയർ ലീഗിലെ രണ്ടു തോൽവിയടക്കം സീസണിലെ മൂന്നാമത്തെ തോൽവിയാണ് ഏറ്റുവാങ്ങുന്നത്.
മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഏകപക്ഷീയമായ ഒരു ഗോളിന് ബേൺലിയെ പരാജയപ്പെടുത്തി. അവസാന നിമിഷത്തിൽ സൂപ്പർതാരം മുഹമ്മദ് സല നേടിയ പെനാൽറ്റി ഗോളാണ് ചാമ്പ്യൻമാരെ വിജയത്തിലേക്ക് എത്തിച്ചത്. ഇതോടെ കളിച്ച നാലു മത്സരങ്ങളും ജയിച്ച ഇവർ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്.