ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വന്‍ കുതിപ്പ് നടത്തുന്ന നോട്ടിങ്ഹാം ഫോറസ്റ്റിന് തോല്‍വി. എഎഫ്‌സി ബേണ്‍മൗത്തിനോട് എതിരില്ലാത്ത അഞ്ച് ഗോളിനാണ് നോട്ടിങ്ഹാം പരാജയപ്പെട്ടത്. നോട്ടിങ്ഹാം മൂന്നാം സ്ഥാനത്താണുള്ളത്. മറ്റൊരു മല്‍സരത്തില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ ഇപ്‌സ്വച്ച് ടൗണിനെ 4-1ന് വീഴ്ത്തി. രണ്ടാം ്സ്ഥാനത്തുള്ള ആഴ്‌സണല്‍ വോള്‍വ്‌സിനെ എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തി. ചെല്‍സിയെ 3-1ന് മറികടന്ന് മാഞ്ചസ്റ്റര്‍ സിറ്റി ജയം തുടര്‍ന്നു. ജയത്തോടെ സിറ്റി നാലാം സ്ഥാനത്തെത്തി. സിറ്റിയ്ക്കായി ഗവാര്‍ഡിയോള്‍, എര്‍ലിങ് ഹാലന്റ്, ഫില്‍ ഫോഡന്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. സതാംപ്ടണിനെ 3-1ന് ന്യൂകാസില്‍ യുനൈറ്റഡ് വീഴ്ത്തി. ന്യൂകാസില്‍ അഞ്ചാം സ്ഥാനത്തും ചെല്‍സി ആറാം സ്ഥാനത്തും ബേണ്‍മൗത്തും ഏഴാം സ്ഥാനത്തുമാണ്.
സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് മിന്നും ജയം. റയല്‍ വലാഡോളിഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് റയല്‍ മാഡ്രിഡ് വീഴ്ത്തി. കിലിയന്‍ എംബാപ്പെയുടെ ഹാട്രിക്ക് മികവിലാണ് റയലിന്റെ ജയം. 30, 57, 90 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകള്‍. ജൂഡ് ബെല്ലിങ്ഹാമും റൊഡ്രിഗോയും റയലിനായി അസിസ്‌റ്റൊരുക്കി. ജയത്തോടെ റയലിന് ഒന്നാം സ്ഥാനത്തെ ലീഡ് ഒമ്പത് പോയിന്റായി. 49 പോയിന്റാണ് റയലിനുള്ളത്. രണ്ടാം സ്ഥാനത്ത് 45 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡാണുള്ളത്. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ അത്‌ലറ്റിക്കോ വിയ്യാറയലിനോട് 1-1 സമനില വഴങ്ങി. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ബാഴ്‌സലോണ വലന്‍സിയയെ നേരിടും. 39 പോയിന്റാണ് ബാഴ്‌സയ്ക്കുള്ളത്.