ലിസ്ബണ്‍: പോര്‍ച്ചുഗല്‍ എന്ന കേട്ടാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേരാണ് ആരുടെയും നാവില്‍ വീഴുക. രണ്ടാമത് വരുന്ന മറ്റൊരു പേരാണ് പെപ്പെ. പോര്‍ച്ചുഗല്‍ ഫുട്‌ബോളില്‍ ക്രിസ്റ്റിയാനോയ്‌ക്കൊപ്പം നിഴലായി കൂടി നില്‍ക്കുന്ന താരമാണ് പെപ്പെ. 41കാരനായ പെപ്പെ കഴിഞ്ഞ ദിവസം പോര്‍ച്ചുഗല്‍ ജെഴ്‌സിയോട് വിടപറഞ്ഞു. പോര്‍ച്ചുഗല്‍ ടീമിനൊപ്പമുള്ള നീണ്ട 16 വര്‍ഷത്തെ കരിയറിനാണ് അന്ത്യം കുറിച്ചത്. ക്ലബ്ബ് ഫുട്‌ബോളില്‍ നേരത്തെ വരവറിയച്ച പെപ്പെയ്ക്ക് 23 വര്‍ഷത്തെ ഫുട്‌ബോള്‍ കരിയറിന്റെ നേട്ടങ്ങള്‍ ഓര്‍ക്കാനുണ്ട്. പോര്‍ച്ചുഗല്‍ ടീമിലെ ഡിഫന്ററുടെ റോളില്‍ തിളങ്ങിയിരുന്ന പെപ്പെ ആ ടീമിന്റെ അവിഭാജ്യഘടകമായിരുന്നു.
സ്‌ട്രൈക്കര്‍മാരിലേക്ക് പന്ത് എത്തിക്കുന്നതിലേക്ക് പെപ്പെയുടെ മുന്നേറ്റം വാക്കുകള്‍ക്ക് അധീതമാണ്. എതിര്‍ ടീമിന്റെ പേടി സ്വപ്‌നമായിരുന്നു പെപ്പെയുടെ ടാക്ക്‌ളിങ്ങുകള്‍. 41 വയസ്സ് വരെ പറങ്കി പടയുടെ ടീമില്‍ ഇടം നിലനിര്‍ത്തണമെങ്കില്‍ പെപ്പെയുടെ ബൂട്ടിന്റെ മൂര്‍ച്ച അത്രയ്ക്കുണ്ടെന്ന് സാരം. ഇക്കഴിഞ്ഞ യൂറോകപ്പിലും പെപ്പെയുടെ സാന്നിധ്യമുണ്ടായിരുന്നു. അവസാനമായി കളിച്ചതും ഈ യൂറോയിലാണ്. ഈ യൂറോ കപ്പ് നേടി വിട പറയാന്‍ കൊതിച്ചവരാണ് റൊണാള്‍ഡോയും പെപ്പെയും. എന്നാല്‍ ക്വാര്‍ട്ടറില്‍ പുറത്താവാനായിരുന്നു പറങ്കികളുടെ വിധി. യൂറോ കപ്പിന്റെ ചരിത്രത്തില്‍ കളിച്ച ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡോടെയാണ് പെപ്പെ കളം വിട്ടത്.
41 വയസ്സും 113 ദിവസവുമായിരുന്നു പെപ്പെയുടെ പ്രായം. പോര്‍ച്ചുഗലിന്റെ ആദ്യ യൂറോകപ്പ് നേട്ടം 2016ലായിരുന്നു. ആ യൂറോ കപ്പ് തേരോട്ടത്തിലെ മികച്ച പോരാളികളും പെപ്പെയും റൊണാള്‍ഡോയും തന്നെയായിരുന്നു. പോര്‍ച്ചുഗലിനായി 141 മല്‍സരങ്ങള്‍ പെപ്പെ കളിച്ചിട്ടുണ്ട്. എട്ട് ഗോളുകളും നാല് അസിസ്റ്റും താരം നേടിയിട്ടുണ്ട്. 25 യെല്ലോ കാര്‍ഡുകള്‍ പെപ്പെയ്ക്ക് ലഭിച്ചിട്ടുണ്ട്. സ്വന്തം രാജ്യത്തിനൊപ്പം 2016 യൂറോ കപ്പ്, 2018 യുവേഫ ലീഗ് എന്നീ കിരീടനേട്ടങ്ങളിലും പെപ്പെ പങ്കാളിയായി.
പെപ്പെയുടെ വിരമിക്കലിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വൈകാരികമായ കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. റൊണാള്‍ഡോയും പെപ്പയും കളിക്കളത്തില്‍ ഒരുമിച്ചുള്ള വ്യത്യസ്തമായ നിമിഷങ്ങളുടെ ഫോട്ടോയും റൊണാള്‍ഡോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ‘നിങ്ങള്‍ എനിക്ക് നല്‍കിയ മികച്ച മികച്ച നിമിഷങ്ങളെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. കളിക്കളത്തില്‍ നമ്മള്‍ മത്സരങ്ങള്‍ വിജയിച്ചുകൊണ്ട് എല്ലാം നേടിയെടുത്തു. എന്നാല്‍ ഏറ്റവും വലിയ നേട്ടം എന്നത് നിങ്ങളോട് എനിക്കുള്ള സൗഹൃദവും ബഹുമാനവും ആണ്. എന്റെ സഹോദരാ, നിങ്ങള്‍ അതുല്യനാണ്, വളരെയധികം നന്ദി,’ റൊണാള്‍ഡോ തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
2001ല്‍ പോര്‍ച്ചുഗീസ് സെക്കന്‍ഡ് ഡിവിഷന്‍ ക്ലബ്ബായ മാരിറ്റിമോയുടെ ബി ടീമിനൊപ്പമാണ് പെപ്പെ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മാരിറ്റിമോയുടെ സീനിയര്‍ ടീമില്‍. ഒടുവില്‍ 2004ല്‍ താരം പോര്‍ച്ചുഗല്‍ ക്ലബ്ബ് പോര്‍ട്ടോയിലേക്ക് ചേക്കേറുകയായിരുന്നു.നിലവില്‍ പോര്‍ട്ടോയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. മൂന്നുവര്‍ഷം പോര്‍ച്ചുഗീസ് ക്ലബ്ബിനൊപ്പം പന്തു തട്ടിയ പെപ്പെ പിന്നീട് 2007ല്‍ റയല്‍ മാഡ്രിഡില്‍ ചേരുകയായിരുന്നു. റയല്‍മാഡ്രിഡ് അവരുടെ ഇതിഹാസ താരങ്ങളില്‍ പെപ്പെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോസ്ബ്ലാങ്കോസിനൊപ്പം 10 സീസണുകളിലാണ് താരം പന്തുതട്ടിയത്. റയല്‍ മാഡ്രിഡിന്റെ വെള്ള കുപ്പായത്തില്‍ 334 മത്സരങ്ങളിലാണ് പോര്‍ച്ചുഗീസ് താരം ബൂട്ട് കെട്ടിയത്.
റയലിനൊപ്പം പത്ത് വര്‍ഷത്തിനിടെ നിരവധി കിരീടങ്ങളും താരം നേടി. മൂന്ന് വീതം ലാ ലിഗ കിരീടം, യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം, രണ്ട് വീതം രണ്ട് കോപ്പ ഡെല്‍റേ, സൂപ്പര്‍ കോപ്പ ഡി എസ്പാന, ഫിഫ ക്ലബ്ബ് ലോകകപ്പ്, യുവേഫ സൂപ്പര്‍ കപ്പ് എന്നീ കിരീടങ്ങളാണ് പെപ്പെ റയലിനൊപ്പം നേടിയത്. 2017ല്‍ തുര്‍ക്കി ക്ലബ്ബ് ബെസ്റ്റികാസിനായും താരം കളിച്ചു. പിന്നീടാണ് പോര്‍ട്ടോയിലേക്ക് തന്നെ തിരിച്ചെത്തിയത്. ലൂയിസ് ഫിഗോ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവര്‍ക്കൊപ്പം ഈ നൂറ്റാണ്ടിലെ പോര്‍ച്ചുഗല്‍ ഇതിഹാസമായി പെപ്പെയും ആരാധകരുടെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുമെന്നുറപ്പ്. പോര്‍ച്ചുഗലിനായി പെപ്പെ തീര്‍ക്കുന്ന ആ പ്രതിരോധം ഇനി കളിക്കളത്തില്‍ ഇല്ല.