ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടത്തിന് പുതിയ അവകാശി. ഇറ്റാലിയന്‍ താരം യാനിക് സിന്നറിനാണ് കിരീടം. ഫൈനലില്‍ യുഎസിന്റെ ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെ 6-3,6-4, 7-5 എന്ന സ്‌കോറിനാണ് സിന്നര്‍ തോല്‍പിച്ചത്. താരത്തിന്റെ ഈ വര്‍ഷത്തെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണ്. നേരത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണും നേടിയിരുന്നു. സെമിയില്‍ ബ്രിട്ടന്റെ ജാക് ഡ്രേപ്പറെ 7-5,7-6 (7-3), 6-2 എന്ന സ്‌കോറില്‍ പരാജയപ്പെടുത്തിയാണ് സിന്നര്‍ യുഎസ് ഓപ്പണ്‍ ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയന്‍ താരമായത്. കിരീടനേട്ടത്തോടെ യുഎസ് ഓപ്പണ്‍ വിജയിക്കുന്ന ആദ്യ ഇറ്റാലിയന്‍ താരവുമായി.
സിന്നര്‍ ആദ്യ സെറ്റില്‍ 4-3ന് മുന്നിലായിരുന്നു. യുഎസ് താരത്തെ സ്വന്തം ആരാധകര്‍ക്കു മുന്നില്‍ പ്രതിരോധത്തിലാക്കിയ സിന്നര്‍ ആദ്യ സെറ്റ് 6-3ന് സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ 1-1ന് എന്ന നിലയില്‍ ഫ്രിറ്റ്‌സ് മത്സരത്തിലേക്കു തിരികെയെത്തി. മിന്നും പ്രകടനങ്ങളുമായി രണ്ടു താരങ്ങളും പൊരുതിയതോടെ സ്‌കോര്‍ 3-3 എന്ന നിലയില്‍. 5-4 എന്ന നിലയില്‍ മുന്നിലെത്തിയ ലോക ഒന്നാം നമ്പര്‍ താരം 6-4ന് രണ്ടാം സെറ്റ് പിടിച്ചെടുത്തു.
മൂന്നാം സെറ്റിലും 1-1 എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തിലെ പോരാട്ടം. പിന്നീട് ഫ്രിറ്റ്‌സ് 5-3ന് മുന്നിലെത്തി. എന്നാല്‍ ശക്തമായി തിരിച്ചടിച്ച സിന്നര്‍ 7-5 മൂന്നാം സെറ്റും യുഎസ് ഓപ്പണ്‍ കിരീടവും സ്വന്തമാക്കി. ലോക 12ാം നമ്പര്‍ താരമായ ഫ്രിറ്റ്‌സ് 2009ന് ശേഷം ഗ്രാന്‍ഡ് സ്ലാം ഫൈനലിലെത്തുന്ന യുഎസിന്റെ ആദ്യ പുരുഷ താരമാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഡാനില്‍ മെദ്വദേവിനെ വീഴ്ത്തിയാണ് സിന്നര്‍ കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം വിജയിക്കുന്നത്.