ഹുലുന്‍ബുയര്‍: ഏഷ്യന്‍ ചാപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം.
ഗോള്‍രഹിതമായ മൂന്നുക്വാര്‍ട്ടറുകള്‍ക്ക് പിന്നാലെ നാലാം ക്വാര്‍ട്ടറിലാണ് ഇന്ത്യ വിജയഗോള്‍ നേടിയത്. ജുഗ്രാജ് സിങ്ങാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്. ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ അഞ്ചാം കിരീടമാണിത്.
ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യയ്ക്ക് ലഭിച്ച രണ്ട് പെനാല്‍റ്റി കോര്‍ണറുകള്‍ മുതലാക്കാനായില്ല. ആദ്യ ക്വാര്‍ട്ടര്‍ ഗോള്‍രഹിതമായിരുന്നു. രണ്ടാം ക്വാര്‍ട്ടറില്‍ ഉണര്‍ന്നുകളിച്ച ഇന്ത്യ, ചൈനീസ് ഗോള്‍മുഖം വിറപ്പിച്ചു. എന്നാല്‍ ചൈനീസ് പ്രതിരോധം ശക്തമായി നിന്നതോടെ ഗോള്‍ശ്രമം വിഫലമായി. രണ്ടാം ക്വാര്‍ട്ടറും ഗോള്‍രഹിതമായാണ് അവസാനിച്ചത്.
ആദ്യ പകുതിയില്‍ നാല് പെനാല്‍റ്റി കോര്‍ണറുകളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. എന്നാല്‍ ഒന്നും ലക്ഷ്യം കണ്ടില്ല. മൂന്നാം ക്വാര്‍ട്ടറിലും ഗോള്‍രഹിതമായിരുന്നു. എന്നാല്‍ നാലാം ക്വാര്‍ട്ടറില്‍ കളി മാറി. ജയത്തിനായി ആക്രമിച്ചുകളിച്ച ഇന്ത്യ 51-ാം മിനിറ്റില്‍ മുന്നിലെത്തി. ജുഗ്രാജ് സിങ്ങാണ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്. പിന്നാലെ തിരിച്ചടിക്കാനുള്ള ചൈനീസ് ശ്രമങ്ങളെ വിദഗ്ദമായി പ്രതിരോധിച്ചതോടെ ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടു.