ബെയ്ജിങ്: ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ അഞ്ചാം ജയം. ഇത്തവണ ബദ്ധവൈരികളായ പാക്കിസ്ഥാനെയാണ് ഇന്ത്യ വീഴ്ത്തിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇരട്ടഗോളുമായി തിളങ്ങി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ ജയിച്ചത്. ജയത്തോടെ ഗ്രൂപ്പ് ചാംപ്യന്മാരായി ഇന്ത്യ സെമിയില്‍ പ്രവേശിച്ചു.
ഇന്ത്യയ്ക്കായി ഹര്‍മന്‍പ്രീത് സിങ് 13, 19 മിനിറ്റുകളില്‍ പെനല്‍റ്റി കോര്‍ണറുകളില്‍ നിന്നാണ് ലക്ഷ്യം കണ്ടത്. ആദ്യ ക്വാര്‍ട്ടറില്‍ത്തന്നെ നദീം അഹമ്മദിലൂടെ ലീഡ് നേടിയ പാക്കിസ്ഥാനെ, പിന്നില്‍നിന്ന് തിരിച്ചടിച്ചാണ് ഇന്ത്യ വീഴ്ത്തിയത്. എട്ടാം മിനിറ്റിലാണ് നദീം അഹമ്മദ് പാക്കിസ്ഥാന് ലീഡ് സമ്മാനിച്ചത്. മലയാളി താരം പി.ആര്. ശ്രീജേഷിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ ഗോള്‍കീപ്പറായ കൃഷന് ബഹദൂര്‍ പതകിന്റെ തകര്‍പ്പന്‍ സേവുകളും മത്സരത്തില്‍ ഇന്ത്യയ്ക്ക് തുണയായി.