മെൽബൺ– ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം കസാക്കിസ്ഥാൻ താരം എലീന റൈബാക്കിനയ്ക്ക്. മെൽബണിൽ നടന്ന ആവേശകരമായ ഫൈനലിൽ ലോക ഒന്നാം നമ്പർ താരം ആര്യന സബാലെങ്കയെ പരാജയപ്പെടുത്തിയാണ് റൈബാക്കിന തന്റെ രണ്ടാം ഗ്രാൻഡ്‌സ്‌ലാം കിരീടം സ്വന്തമാക്കിയത്. സ്കോർ: 6-4, 4-6, 6-4. ശനിയാഴ്ച നടന്ന ഫൈനൽ പോരാട്ടം രണ്ട് മണിക്കൂറും 18 മിനിറ്റും നീണ്ടുനിന്നു. ഒരു ഘട്ടത്തിൽ മത്സരം കൈവിട്ടുപോകുമെന്ന് തോന്നിപ്പിച്ചടത്തുനിന്നാണ് റൈബാക്കിനയുടെ അവിശ്വസനീയമായ തിരിച്ചുവരവ്. നിർണായകമായ മൂന്നാം സെറ്റിൽ 3-0 ന് പിന്നിലെത്തിയെങ്കിലും ഒട്ടും പതറാതെ കളിച്ച അഞ്ചാം സീഡ് താരം റൈബാക്കിന പിന്നീട് നടന്ന ഏഴ് ഗെയിമുകളിൽ ആറെണ്ണവും ജയിച്ച് കിരീടത്തിലേക്ക് കുതിച്ചു.
2022-ലെ വിംബിൾഡൺ കിരീടത്തിന് ശേഷം നാല് വർഷത്തെ ഇടവേള കഴിഞ്ഞാണ് റൈബാക്കിന ഒരു പ്രധാന കിരീടം നേടുന്നത്. ഈ വിജയത്തോടെ താരം ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരും. കഴിഞ്ഞ വർഷത്തെ വിംബിൾഡണിന് ശേഷം റാങ്കിംഗിൽ പതിമൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട താരം, ഡബ്ല്യു.ടി.എ (WTA) ഫൈനൽസ് വിജയത്തിന് തൊട്ടുപിന്നാലെയാണ് മെൽബണിലും ആധിപത്യം ഉറപ്പിച്ചത്. ടൂർണമെന്റിലുടനീളം വെറും ഒരു സെറ്റ് മാത്രമാണ് റൈബാക്കിനയ്ക്ക് നഷ്ടമായത്.
’
വിജയശേഷം നടത്തിയ പ്രസംഗത്തിൽ റൈബാക്കിന തന്റെ ടീമിനും ആരാധകർക്കും നന്ദി പറഞ്ഞു. “ഇതൊരു ‘ഹാപ്പി സ്ലാം’ ആണ്. മെൽബണിൽ കളിക്കുന്നത് ഞാൻ ഏറെ ആസ്വദിക്കുന്നു. ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞ സമയമായിരുന്നു ഇത്. എങ്കിലും ഈ ഫലം നേടാനായതിൽ സന്തോഷം,” താരം പ്രതികരിച്ചു.
പുരുഷന്മാരുടെ ഫൈനലിൽ നാളെ ലോക ഒന്നാം നമ്പർ താരം കാർലോസ് അൽക്കരാസ് സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ചിനെ നേരിടും.



