റിയാദ്: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ ഹിലാലിനായി ഇറങ്ങി. എഎഫ്‌സി ചാംപ്യന്‍സ് ലീഗില്‍ യുഎഇ ക്ലബ്ബ് അല്‍ ഐനിനെതിരെ ആയിരുന്നു 31 കാരനായ നെയ്മറിന്റെ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ്. രണ്ടാം പകുതിയില്‍ സബ്സ്റ്റിറ്റിയൂട്ട് താരമായിട്ടായിരുന്നു നെയ്മറിന്റെ വരവ്.77ാം മിനിറ്റില്‍ സലീം അല്‍ ദ്വാസരിയ്ക്ക് പകരക്കാരനായാണ് താരം ഇറങ്ങിയത്. ഈ സമയം 5-3ന്റെ ലീഡുമായി അല്‍ ഹിലാല്‍ മുന്നിട്ട് നിന്നിരുന്നു. ഇറങ്ങിയ ഉടന്‍ തന്നെ താരം തന്റെ പതിവ് ശൈലിയില്‍ കളി തുടങ്ങി മികച്ച ചില മുന്നേറ്റങ്ങളും നടത്തി. മല്‍സരം 5-4ന് അല്‍ ഹിലാല്‍ ജയിച്ചു.
കഴിഞ്ഞ ഒക്ടോബറിലാണ് നെയ്മര്‍ പരിക്കിനെ തുടര്‍ന്ന് കളം വിട്ടത്. 2023 ഓഗസ്റ്റിലാണ് താരം അല്‍ ഹിലാലില്‍ വരുന്നത്. അഞ്ച് മല്‍സരങ്ങളില്‍ മാത്രമാണ് താരം ടീമിനായി ഇറങ്ങിയിരുന്നത്.സൗദി താരം സലീം അല്‍ദ്വാസരി മല്‍സരത്തില്‍ അല്‍ ഹിലാലിനായി ഹാട്രിക്ക് നേടി. 45, 65, 75 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. 26ാം മിനിറ്റില്‍ റെനന്‍ ലോദിയും 82ാം മിനിറ്റില്‍ അലി അല്‍ബുലായിയും അല്‍ ഹിലാലിന്റെ മറ്റ് ഗോളുകള്‍ നേടി.
മല്‍സരത്തിന്റെ എല്ലാ മേഖലിയിലും നേരിയ മുന്‍തൂക്കം യുഎഇ ക്ലബ്ബിനായിരുന്നു. എന്നാല്‍ അവസരങ്ങള്‍ ഗോളാക്കുന്നതില്‍ ടീമിന് പിഴവ് വന്നു. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷവും സ്‌കോര്‍ ചെയ്ത് അല്‍ ഐന്‍ അല്‍ ഹിലാലിനെ ഞെട്ടിച്ചാണ് കീഴടങ്ങിയത്. മൊറോക്കന്‍ താരം സുഫിയാനി റഹീമി അല്‍ ഐനിനായി ഹാട്രിക്ക് നേടി. സൂഫിയാനിയാണ് ഇഞ്ചുറി ടൈമില്‍ അല്‍ ഐനിന്റെ നാലാം ഗോള്‍ നേടിയത്. മാറ്റോ സാനബരിയാണ് ടീമിന്റെ മറ്റൊരു ഗോള്‍ നേടിയത്.