റിയാദ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ സൗദി പ്രോ ലീഗ് ക്ലബ് അല്‍ ഹിലാല്‍ വിട്ടു. താരവുമായുള്ള കരാര്‍ അല്‍ ഹിലാല്‍ റദ്ദാക്കി. ക്ലബ്ബും താരവും പരസ്പര സമ്മതത്തോടെ കരാര്‍ റദ്ദാക്കുകയായിരുന്നു. നെയ്മര്‍ തന്റെ പഴയ ക്ലബ്ബായ സാന്റോസിലേക്കാണ് അടുത്തതായി പോകുന്നത്. 2023ലാണ് നെയ്മര്‍ ഫ്രഞ്ച് ക്ലബായ പി എസ് ജിയില്‍ നിന്ന് അല്‍ ഹിലാലിലെത്തിയത്.
220 മില്യണ്‍ ഡോളറിന് രണ്ട് വര്‍ഷ കരാറിലാണ് താരം അല്‍ ഹിലാലിലെത്തിയത്. എന്നാല്‍ പരിക്കുമൂലം 18 മാസങ്ങള്‍ക്കിടയില്‍ ഏഴ് മത്സരങ്ങളില്‍ മാത്രമാണ് നെയ്മര്‍ അല്‍ ഹിലാലിനായി കളിച്ചത്. ഇതില്‍ ഒരു ഗോളും മൂന്ന് അസിസ്റ്റുകളും ഉള്‍പ്പെടുന്നു. പരിക്കില്‍ നിന്ന് മോചിതനാകാന്‍ സമയമെടുക്കുന്നതിനാലാണ് അല്‍ ഹിലാല്‍ നെയ്മറിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.
2003ല്‍ 11-ാം വയസില്‍ സാന്റോസ് അക്കാദമിയിലാണ് നെയ്മറിന്റെ ഫുട്‌ബോള്‍ ജീവിതത്തിന് തുടക്കമാകുന്നത്. 2009ല്‍ 17-ാം വയസില്‍ സാന്റോസിന്റെ സീനിയര്‍ ടീമിനായി അരങ്ങേറ്റം കുറിച്ചു. 225 മത്സരങ്ങളില്‍ നിന്നായി 136 ഗോളുകളാണ് സാന്റോസിനായി നെയ്മര്‍ നേടിയത്. ഇതോടെ 2011ല്‍ ബ്രസീലിന്റെ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിക്കാനും നെയ്മറിന് കഴിഞ്ഞു.
2013ലെ കോണ്‍ഫഡറേഷന്‍ കപ്പ്, 2016ലെ റിയോ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ നേട്ടം എന്നിവയാണ് ബ്രസീലിനൊപ്പം നെയ്മറിന്റെ നേട്ടങ്ങള്‍. 124 മത്സരങ്ങളില്‍ നിന്നായി 77 ഗോളുകളും താരം നേടി. ദേശീയ ടീമിലെയും സാന്റോസിനുമൊപ്പവുമുള്ള തകര്‍പ്പന്‍ പ്രകടനം 2013ലെ നെയ്മറെ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയിലെത്തിച്ചു.
ലയണല്‍ മെസ്സി, ലൂയിസ് സുവാരസ് എന്നിവര്‍ക്കൊപ്പം നെയ്മറിന്റെയും പേര് ഉയര്‍ന്നുവന്നു. 186 മത്സരങ്ങളില്‍ നിന്നായി 105 ഗോളുകളാണ് നെയ്മര്‍ ബാഴ്‌സയില്‍ നേടിയത്. 2015ലെ ചാംപ്യന്‍സ് ലീഗ് ഉള്‍പ്പടെയുള്ള കിരീടനേട്ടങ്ങളും ബാഴ്‌സയില്‍ സ്വന്തമാക്കാന്‍ നെയ്മറിന് കഴിഞ്ഞു. 2017ല്‍ ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ നെയ്മറിനെ 222 മില്യണ്‍ യൂറോയ്ക്ക് ഫ്രഞ്ച് ക്ലബ് പി എസ് ജി സ്വന്തമാക്കി. 173 മത്സരങ്ങള്‍ ഫ്രഞ്ച് ക്ലബിനായി നെയ്മര്‍ കളിച്ചിട്ടുണ്ട്. 2020 മുതല്‍ വിടാതെ പിന്തുടരുന്ന പരിക്കാണ് ഇതിഹാസ സമാനമായ നെയ്മറിന്റെ കരിയറിന് തിരിച്ചടിയാകുന്നത്.