സാവോപോളോ: അല്‍ ഹിലാല്‍ വിട്ട ബ്രസീലിയന്‍ സൂപ്പര്‍ താരം തന്റെ ആദ്യ ക്ലബ്ബായ സാന്റോസിലേക്കുള്ള തിരിച്ച് വരവ് ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് സോഷ്യല്‍ മീഡിയയിലൂടെ താരം ഇക്കാര്യം വ്യക്തമാക്കിയത്. ഫുട്‌ബോള്‍ കളിക്കുക എന്നതാണ് തനിക്ക് ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ഇഷ്ടമെന്ന് നെയ്മര്‍ പറഞ്ഞു. എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്റെ തീരുമാനം അറിയാം. ഞാന്‍ സാന്റോസ് ക്ലബ്ബിനായി കളിക്കാന്‍ തീരുമാനിച്ചു. സാന്റോസിനായി ജനിക്കുക, പിന്നീട് ഇവിടെ ജീവിക്കുക , പിന്നീട് ഇവിടെതന്നെ മരിക്കുക എന്നത് വളരെ കുറച്ച് പേര്‍ക്ക് ലഭിക്കാവുന്ന ബഹുമതിയാണ്.
വരും വര്‍ഷങ്ങളില്‍ തനിക്ക് വരാനിരിക്കുന്ന വെല്ലുവിളികള്‍ക്കായി തന്റെ ഒപ്പം നില്‍ക്കാനും ആ സ്‌നേഹം ലഭിക്കാനും സാന്റോസില്‍ സാധിക്കുമെന്ന് നെയ്മര്‍ അറിയിച്ചു. ദിവസങ്ങള്‍ക്ക് മുമ്പാണ് നെയ്മര്‍ സൗദി പ്രോ ലീഗ് ക്ലബ്ബുമായി പരസ്പര ധാരണയില്‍ പിരിഞ്ഞിത്. തന്റെ 17ാം വയസ്സില്‍ 2009ലാണ് താരം സാന്റോസില്‍ എത്തുന്നത്.
225 മല്‍സരങ്ങളില്‍ നിന്ന് സാന്റോസിനായി 136 ഗോളുകളും 64 അസിസ്റ്റും നെയ്മര്‍ നേടിയിട്ടുണ്ട്. ബ്രസീല്‍ ടീമിനായി താരം 128 മല്‍സരങ്ങളില്‍ നിന്നായി 79 ഗോളും സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇതിഹാസ താരം പെലെയെ ഗോള്‍ നേട്ടത്തില്‍ പിന്തള്ളിയ നെയ്മര്‍ ആണ് ദേശീയ ടീമിന്റെ ടോപ് സ്‌കോറര്‍.