ദുബായ്: ട്വന്റി-20 വനിതാ ലോകകപ്പില്‍ ന്യൂസിലന്‍ഡിന് കന്നിക്കിരീടം. ഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 159 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 126 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 32 റണ്‍സ് വിജയവുമായാണ് ന്യൂസിലന്‍ഡ് വനിതാ ലോകകപ്പ് കിരീടമുയര്‍ത്തിയത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ് ഫൈനലില്‍ തോല്‍ക്കുന്നത്. 2023 ല്‍ ഓസ്‌ട്രേലിയയോട് ദക്ഷിണാഫ്രിക്ക 19 റണ്‍സിനു തോറ്റിരുന്നു.
158 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്ങില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലെടുക്കാന്‍ സാധിച്ചില്ല. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ലോറ വോല്‍വാഡും (27 പന്തില്‍ 33), തസ്മിന്‍ ബ്രിറ്റ്‌സും (18 പന്തില്‍ 17) നല്ല തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്കു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചു. എന്നാല്‍ ഇരുവരും പുറത്തായതോടെ ദക്ഷിണാഫ്രിക്ക കൂട്ടത്തകര്‍ച്ചയെ നേരിടേണ്ടിവന്നു.
മധ്യനിര ബാറ്റര്‍മാരില്‍ ക്ലോ ട്രിയോണും (16 പന്തില്‍ 14), ആനറി ഡെര്‍ക്‌സനും (ഒന്‍പതു പന്തില്‍ 10) രണ്ടക്കം കടന്നു. വാലറ്റവും പൊരുതാതെ കീഴടങ്ങിയതോടെ ദക്ഷിണാഫ്രിക്കയുടെ മറുപടി 20 ഓവറില്‍ ഒന്‍പതിന് 126 എന്ന സ്‌കോറില്‍ അവസാനിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണു നേടിയത്. 38 പന്തില്‍ 43 റണ്‍സെടുത്ത അമേലിയ കെറാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. സുസി ബെറ്റ്‌സ് (32), ബ്രൂക്ക് ഹാലി ഡേ (38) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി. ദക്ഷിണാഫ്രിക്കയ്ക്കായി നോന്‍കുലുലേക്കോ മ്‌ലാബ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.
സ്‌കോര്‍ ന്യൂസിലന്‍ഡ്: 20 ഓവറില്‍ അഞ്ചിന് 158, ദക്ഷിണാഫ്രിക്ക: 20 ഓവറില്‍ ഒന്‍പതിന് 126.