ബാത്തുമി– വനിതാ ചെസ്സ് ലോകകപ്പിൽ ചരിത്ര വിജയം കരസ്തമാക്കി പത്തൊമ്പതുകാരിയായ ദിവ്യ ദേശ്‌മുഖ്. ഇന്ത്യൻ താരം തന്നെയായിരുന്ന കൊനേരു ഹംപിയെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്. ജോർജിയയിലെ ബാത്തുമിയിൽ വെച്ച് നടന്ന ഫൈനൽ മത്സരത്തിൽ ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി മാറിയിരിക്കുകയാണ് ദിവ്യ.
ആദ്യ രണ്ട് ഗെയിമുകളും സമനിലയിൽ അവസാനിച്ച ശേഷം മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങിയിരുന്നു. ടൈബ്രേക്കറിലെ ആദ്യ ഗെയിം സമനിലയിൽ കഴിയുമ്പോൾ, രണ്ടാം ഗെയിമിൽ ഹംപിയുടെ ചെറിയ പിഴവു മുതലെടുത്ത ദിവ്യ നിർണ്ണായക ജയത്തോടെ കിരീടം സ്വന്തമാക്കി. ചരിത്രത്തിലാദ്യമായി രണ്ട് ഇന്ത്യൻ താരങ്ങൾ ലോക ഫൈനലിൽ ഏറ്റുമുട്ടിയ പ്രത്യേകതയും കഴിഞ്ഞ മത്സരത്തിനുണ്ടായിരുന്നു.
ഈ നേട്ടത്തോടെ ദിവ്യ ഗ്രാൻഡ് മാസ്റ്റർ പദവിയും കരസ്ഥമാക്കി. ഇന്ത്യക്ക് വേണ്ടി ഈ പദവി നേടുന്ന നാലാമത്തെ വനിതാ താരമാണ് ദിവ്യ.
തലമുറകളുടെ പോരാട്ടം എന്ന നിലയിലാണ് ഹംപിയും ദിവ്യയും തമ്മിലുള്ള മത്സരം വിലയിരുത്തപ്പെട്ടത്. ഹംപിയുടെ പകുതി പ്രായം മാത്രമുള്ള ദിവ്യ, തന്റെ തികഞ്ഞ പോരാട്ട വീര്യം കൊണ്ട് ഹംപിയെ കീഴടക്കിയതിൽ ഇന്ത്യയാകെ അഭിമാനിക്കുന്നുണ്ട്.