ന്യൂഡൽഹി– ചെസ്സിലെ നിലവിലെ ചാമ്പ്യൻ ഡി. ഗുകേഷിനെ അട്ടിമറിച്ച് അമേരിക്കക്കാരനായ പതിനാറുകാരൻ ചരിത്രം കുറിച്ചു. ഫിഡെ ഗ്രാൻഡ് സ്വിസ്സിൻ്റെ അഞ്ചാം റൗണ്ടിൽ അഭിമന്യു മിശ്രയാണ് ഗുകേഷിനെ അട്ടിമറിച്ചത്. ഇന്ത്യൻ വംശജനാണ് മിശ്ര. ക്ലാസിക്കൽ ചെസ്സിൽ നിലവിലെ ചാമ്പ്യനെ പരാജയപ്പെടുത്തുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ് മാറിയിരിക്കുകയാണ് അഭിമന്യു മിശ്ര. ഇപ്പോൾ ചെസ് ചരിത്രത്തിൽ ഒരു ഗ്രാൻഡ്മാസ്റ്ററെ പരാജയപ്പെടുത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും മിശ്രയാണ്.
അഭിമന്യു മിശ്രയുടെ 12-ാമത്തെ അപ്രതീക്ഷിതമായ നീക്കം ഗുകേഷിനെ പ്രതിസന്ധിയിലാക്കുകയായിരുന്നു. തുടർന്ന് തിരിച്ചുവരവിന് ഗുകേഷ് ശ്രമിച്ചെങ്കിലും 61 നീക്കങ്ങൾക്കൊടുവിൽ മിശ്ര ജയം സ്വന്തമാക്കി. അതേസമയം കരിയറിലെ ഏറ്റവും വലിയ വിജയമാണ് നേടിയതെങ്കിലും തൻ്റെ പ്രകടനത്തിൽ തൃപ്തനല്ലെന്നാണ് മത്സരശേഷം മിശ്ര പറയുന്നത്. എങ്കിലും ടൂർണമെന്റിൽ പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ടുപോകുന്നതിൽ സന്തോഷമുണ്ടെന്നും, ഈ ഫോം നിലനിർത്താൻ കഴിഞ്ഞാൽ ടൂർണമെന്റ്റ് നേടാൻ സാധ്യതയുണ്ടെന്നും മിശ്ര ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യൻ താരം പ്രജ്ഞാനന്ദയ്ക്കും ഇന്ന് മികച്ച ദിവസമായിരുന്നില്ല. ജർമനിയുടെ മത്തിയാസ് ബ്ലൂബോമിനോട് അപ്രതീക്ഷിത തോൽവിയേറ്റുവാങ്ങേണ്ടി വന്നു.