പുനെ: ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി-ട്വന്റിയില്‍ ഇന്ത്യയ്ക്ക് 15 റണ്‍സ് ജയം. ജയത്തോടെ അഞ്ച് മല്‍സരങ്ങളുടെ പരമ്പര 3-1 ന് ഇന്ത്യ സ്വന്തമാക്കി. തുടക്കം തകര്‍ന്ന ഇന്ത്യയെ അര്‍ധസെഞ്ചുറി നേടിയ ശിവം ദുബെയും(53) ഹാര്‍ദിക് പാണ്ഡ്യയും(53) ചേര്‍ന്നാണ് മികച്ച സ്കോറിലേക്ക് എത്തിച്ചത്. ആറാം വിക്കറ്റില്‍ ഇരുവരും 87 റണ്‍സ് അടിച്ചെടുത്തു.
മൂന്നിന് 12 എന്ന തകര്‍ച്ചയില്‍ നിന്നാണ് 9ന് 181 എന്ന സ്കോറിലേക്ക് ഇന്ത്യ എത്തിയത്. റിങ്കു സിങ് 30ഉം അഭിഷേക് ശര്‍മ 29ഉം റണ്‍സെടുത്തു. അതേസമയം, തുടര്‍ച്ചയായ നാലാം മല്‍സരത്തിലും നിരാശപ്പെടുത്തിയ സഞ്ജു സാംസണ് ഒരു റണ്ണെടുത്ത് പുറത്തായി. സൂര്യകുമാര്‍ യാദവും തിലക് വര്‍മയും പൂജ്യത്തിന് പുറത്തായി. 182 റണ്‍സ് വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഉയര്‍ത്തിയത്.
ബൗളര്‍മാരുടെ മികവിലാണ് ഇന്ത്യ കളി തിരികെ പിടിച്ചത്. കളി ആവേശകരമായിരുന്നു. അവസാന പന്ത് വരെ ജയ സാധ്യത രണ്ട് പക്ഷത്തേക്കും വന്നു. ശിവം ദുബെയ്ക്ക് പകരം കണ്‍കഷന്‍ സബായി ഹര്‍ഷിത് റാണയെ പന്തെറിയാന്‍ ഇറക്കിയതും നിര്‍ണായക നീക്കമായി. ഹര്‍ഷിത് റാണയും രവി ബിഷ്ണോയിയും 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി 2 വിക്കറ്റെടുത്തു. അര്‍ഷ്ദീപ് സിങ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.