ആന്‍ഫീല്‍ഡ്: ലിവര്‍പൂളിന്റെ ഐക്കണ്‍ താരമാണ് ഈജിപ്തിന്റെ മുഹമ്മദ് സലാഹ്. താരത്തിന്റെ ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കാന്‍ ആറ് മാസം കൂടിയാണ് ശേഷിക്കുന്നത്. നിലവില്‍ 32കാരനായ താരവുമായുള്ള ട്രാന്‍സ്ഫര്‍ വാര്‍ത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. സലാഹിന്റെ കരാര്‍ ലിവര്‍പൂള്‍ പുതുക്കുമോ എന്ന കാര്യത്തിലും ഇതുവരെ തീരുമാനം വന്നിട്ടില്ല. സലാഹും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ മുമ്പ് സലാഹും ക്ലബ്ബുമായി നടന്ന ഒരു വിവാദമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 2018ല്‍ മിന്നും ഫോമിലായിരുന്നു സലാഹ്.
ഈ കാലഘട്ടത്തില്‍ ഇസ്രായേല്‍ താരം മുനാസ് ഡാബുറിനെ ലിവര്‍പൂളിലെത്തിക്കാന്‍ ക്ലബ്ബ് ശ്രമിച്ചിരുന്നു. എന്നാല്‍ മുനാസ് ഡാബുര്‍ ക്ലബ്ബിലെത്തിയാല്‍ താന്‍ ക്ലബ്ബ് വിടുമെന്നായിരുന്നു സലാഹിന്റെ ഭീഷണി. ഇസ്രായേല്‍ താരത്തിനൊപ്പം കളിക്കാന്‍ താന്‍ ഒരുക്കമല്ലെന്ന് സലാഹ് അറിയിക്കുകയായിരുന്നു. റെഡ്്ബുള്‍സാല്‍സ്ബര്‍ഗിന്റെ താരമായിരുന്നു അന്ന് മുനാസ് ഡാബുര്‍. എന്നാല്‍ ലിവര്‍പൂളിന്റെ ഒന്നാം നമ്പര്‍ താരമായിരുന്ന സലാഹിന്റെ നിബന്ധന ക്ലബ്ബ് അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് മുനാസുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയായിരുന്നുവെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ യുഎഇ ക്ലബ്ബ് അല്‍ അഹ്ലിക്കൊപ്പമാണ് മുനാസ് കളിക്കുന്നത്.
2013ല്‍ സ്വിസ് ക്ലബ്ബ് എഫ് സി ബേസലിനെ വേണ്ടി കളിക്കുന്ന സമയത്ത് ഇസ്രായേല്‍ ക്ലബ്ബ് മക്കാബി തെല്‍ അവീവിനെതിരേ കളിക്കില്ലെന്ന് സലാഹ് വ്യക്തമാക്കിയിരുന്നു.എന്നാല്‍ ക്ലബ്ബിന്റെ നിര്‍ബന്ധത്തിന് വഴങ്ങി സലാഹ് കളിച്ചിരുന്നു. ഈ മല്‍സരത്തില്‍ ഇസ്രായേല്‍ ക്ലബ്ബിനെതിരേ താരം സ്‌കോര്‍ ചെയ്യുകയും ക്ലബ്ബ് ജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മല്‍സരത്തിന് മുന്നോടിയായി ഇസ്രായേല്‍ താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കേണ്ടുന്ന ചടങ്ങില്‍ നിന്ന് അദ്ദേഹം പിന്‍മാറിയിരുന്നു.ഇതേ ക്ലബ്ബിനെതിരായ രണ്ടാം പാദ മല്‍സരത്തിലും ഇസ്രായേലില്‍ ഉള്ള പരമ്പരാഗത ഹസ്തദാനം നല്‍കാതെ കൈമുഷ്ടികൊണ്ട് മുട്ടിയാണ് സലാഹ് താരങ്ങളുമായി സംവദിച്ചത്. സലാഹിന്റെ ക്ലാസ്സിക്ക് പ്രകടനത്തോടെ ലിവര്‍പൂള്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലും ചാംപ്യന്‍സ് ലീഗിലും ഒന്നാം സ്ഥാനത്താണ്.