ലോസ്ആഞ്ചലസ്: ഇന്റര്‍ മയാമി താരങ്ങളായ മെസിക്കും സുവാരസിനും പിഴയിട്ട് എംഎല്‍എസ്. മെസി എതിര്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചിന്റെ കഴുത്തില്‍ പിടിച്ചെന്ന് ആരോപിച്ചാണ് പിഴ വിധിച്ചത്. എംഎല്‍എസിലെ ഇന്റര്‍ മയാമിയുടെ സീസണിലെ ഓപ്പണിങ് മത്സരത്തിലാണ് സംഭവം.
ന്യൂയോര്‍ക്ക് സിറ്റി എഫ്‌സിക്ക് എതിരായി ശനിയാഴ്ച നടന്ന മത്സരത്തിലാണ് മെസി എതിര്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചിന്റെ കഴുത്തില്‍ പിടിച്ചത്. പിന്നാലെ മെസി ലോക്കര്‍ റൂമിലേക്ക് മടങ്ങി. ഇതിന്റെ പേരിലാണ് മെസിക്ക് ചൊവ്വാഴ്ച പിഴ വിധിച്ചത്.
‘ചില സാചഹര്യങ്ങളില്‍ വൈകാരികമായി നിയന്ത്രിക്കാനാവില്ല. ചിലപ്പോള്‍ മാധ്യമങ്ങള്‍ ഇതിനൊരു സര്‍ക്കസ് പരിവേശം നല്‍കാന്‍ ശ്രമിക്കും. കളിക്കിടയില്‍ റഫറിയോടും എതിര്‍നിര കളിക്കാരോടും സംസാരിക്കേണ്ടി വരും. അത് അങ്ങനെയാണ്. അത് പ്രധാനപ്പെട്ട കാര്യമാണ്. അര്‍ജന്റീനയില്‍ ഞങ്ങള്‍ പറയുന്നത് പിച്ചില്‍ സംഭവിക്കുന്നത് പിച്ചില്‍ തന്നെ അവസാനിക്കുന്നു എന്നാണ്. അവിടെ സംഭവിച്ചത് നമ്മള്‍ മറക്കും, അടുത്ത മത്സരത്തിലേക്ക് കടക്കും’, ഇന്റര്‍ മയാമി പരിശീലകന്‍ മഷറാനോ പറയുന്നു.
മത്സരത്തിന്റെ പകുതി സമയം പിന്നിട്ടതിന് പിന്നാലെ ന്യൂയോര്‍ക്ക് സിറ്റി താരത്തിന്റെ കഴുത്തില്‍ പിടിച്ചതിനാണ് സുവാരസിന് പിഴ വിധിച്ചത്. സുവാരസും ന്യൂയോര്‍ക്ക് സിറ്റി താരങ്ങളും തമ്മില്‍ രൂക്ഷമായ തര്‍ക്കം ഗ്രൗണ്ടില്‍ വെച്ച് ഉണ്ടായിരുന്നു.