ബ്യൂണസ് ഐറിസ്: അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസി എന്ന് വിരമിക്കുമെന്ന ചോദ്യം കുറച്ച് കാലത്തേക്ക് മാറ്റി വയ്ക്കാം. തന്റെ വിരമിക്കലിനെ കുറിച്ച് താന്‍ ചിന്തിച്ച് പോലുമില്ലെന്ന് സൂപ്പര്‍ താരം പറയുന്നു. കഴിഞ്ഞ ദിവസം നടന്ന ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ബൊളീവിയക്കെതിരേ ഹാട്രിക്ക് നേടിയ ശേഷം മാധ്യമങ്ങളോട് മനസ്സ് തുറക്കുകയായിരുന്നു മെസി.
ഫുട്‌ബോള്‍ കളിക്കുന്നത് താന്‍ ആസ്വദിക്കുന്നു. അത് എന്ന് അവസാനിപ്പിക്കണം എന്ന താന്‍ കണക്കുകൂട്ടിയിട്ടില്ല. അതിന് കൃത്യമായ തിയ്യതിയോ ഡെഡ്‌ലൈനോ തയ്യാറാക്കിയിട്ടില്ല. കഴിയുന്നടത്തോളം കളിക്കുക എന്നതാണ് ആഗ്രഹം. ദേശീയ ടീമിനായി കളിക്കുന്ന ഓരോ മൂഹര്‍ത്തങ്ങളും സന്തോഷത്തിന്റെതാണ്. ആരാധകര്‍ നല്‍കുന്ന സ്‌നേഹം തന്നെ കൂടുതല്‍ കരുത്തുറ്റവനാക്കുന്നു. ആരാധകര്‍ക്കായി വീണ്ടും വീണ്ടും മികച്ച കളി പുറത്തെടുക്കാന്‍ ആഗ്രഹിക്കുന്നു. ആരാധകര്‍ തരുന്ന സ്‌നേഹവും പിന്തുണയുമാണ് തന്നെ ഫുട്‌ബോളില്‍ പിടിച്ചു നിര്‍ത്തുന്നത്-മെസി പറഞ്ഞു. 2026 ലോകകപ്പില്‍ ടീമിനെ നയിക്കാന്‍ മെസി ഉണ്ടാവുമോ എന്ന ചോദ്യത്തിനാണ് താരം ഇത്തരത്തില്‍ മറുപടി നല്‍കിയത്.
ഏറെ കാലത്തിന് ശേഷമാണ് മെസി രാജ്യത്തിനായി ഹാട്രിക്ക് നേടിയത്. ദേശീയ ടീമിനായുള്ള താരത്തിന്റെ 10ാമത്തെ ഹാട്രിക്കാണ്. യുവതാരങ്ങള്‍ക്കൊപ്പം കളിക്കുമ്പോള്‍ താന്‍ ഒരു കുട്ടിയാണെന്ന ഫീല്‍ ആണ് തരുന്നത്. അത് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു. ജനങ്ങളുടെ സ്‌നേഹത്തിന് മുന്നില്‍ താന്‍ വൈകാരികന്‍ ആവുന്നുവെന്നും 37കാരനായ ഇന്റര്‍മിയാമി താരം പറയുന്നു.