ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് അനായാസ ജയം. ബംഗ്ലാദേശ് മുന്നോട്ട് വച്ച 128 എന്ന ചെറിയ സ്‌കോര്‍ ഇന്ത്യ 11.5 ഓവറില്‍ പിന്തുടര്‍ന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്താണ് ഇന്ത്യ ജയം വെട്ടിപ്പിടിച്ചത്. ഇന്ത്യയ്ക്കായി സഞ്ജു സാംസണ്‍ ഓപ്പണിങില്‍ തിളങ്ങി. 19 പന്തില്‍ താരം 29 റണ്‍സ് നേടി. ആറ് ബൗണ്ടറികള്‍ അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.
16 പന്തില്‍ 39 റണ്‍സെടുത്ത ഹാര്‍ദ്ദിക്കാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സൂര്യകുമാര്‍ യാദവും 14 പന്തില്‍ 29 റണ്‍സുമായി തിളങ്ങി. അഭിഷേക് ശര്‍മ്മ(16), നിതീഷ് കുമാര്‍ റെഡി(16*)എന്നിവരും തിളങ്ങി.
ടോസ് ലഭിച്ച ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങിനയക്കുകയായിരുന്നു. ആ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ ബൗളിങ്. അര്‍ഷദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഇന്ത്യയ്ക്കായി മൂന്ന് വീതം വിക്കറ്റ് നേടി തിളങ്ങി. 35 റണ്‍സെടുത്ത മെഹ്ദി ഹസന്‍ മിറാസാണ് സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍. നജ്മുല്‍ ഹൊസൈന്‍ ഷാന്റോ 27 റണ്‍സെടുത്തു. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും ഇന്ത്യന്‍ ബൗളിങിന് മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല.