മാഡ്രിഡ്: ഫ്രാന്‍സ് ദേശീയ ടീമിനായി കളിക്കാന്‍ താന്‍ എപ്പോഴും തയ്യാറാണെന്ന് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. കഴിഞ്ഞ രണ്ട് ടൂര്‍ണ്ണമെന്റുകളില്‍ നിന്ന് എംബാപ്പെയെ ഫ്രാന്‍സ് ദേശീയ ടീമില്‍ നിന്ന് കോച്ച് ഒഴിവാക്കിയിരുന്നു. ലോക ഫുട്‌ബോളില്‍ മികച്ച റാങ്കിലുള്ള ടീമാണ് ഫ്രാന്‍സെന്നും ദേശീയ ടീമിനോടുള്ള ഇഷ്ടവും കളിക്കാനുള്ള മോഹവും എന്നും ഏതൊരു കളിക്കാരനും ഉള്ളതാണെന്നും എംബാപ്പെ പറഞ്ഞു.
കോച്ചെന്ന നിലയില്‍ ദിദിയര്‍ ദേഷാംസിന്റെ തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നു-എംബാപ്പെ പറഞ്ഞു. 25കാരനായ എംബാപ്പെയുടെ മികവിലാണ് ഫ്രാന്‍സ് 2018 ലോകകപ്പ് നേടിയത്. 2022 ലോകകപ്പ് ഫൈനലില്‍ താരം ദേശീയ ടീമിനായി ഹാട്രിക്കും നേടിയിരുന്നു. ദേശീയ ടീമിനായി 48 ഗോളുകള്‍ താരം നേടിയിട്ടുണ്ട്.
റയല്‍ മാഡ്രിഡില്‍ ഈ സീസണില്‍ എത്തിയ താരം 21 മല്‍സരങ്ങളില്‍ നിന്നായി 11 ഗോളുകള്‍ നേടിയിട്ടുണ്ട്. എങ്കിലും താരത്തിന്റെ പ്രകടനത്തില്‍ റയല്‍ മാഡ്രിഡ് ആരാധകരും കോച്ചും അസംതൃപതരാണ്. സ്പാനിഷ് ലീഗില്‍ റയല്‍ രണ്ടാം സ്ഥാനത്താണ്.