ഓള്‍ഡ് ട്രാഫോഡ്: പുതിയ കോച്ച് റൂബന്‍ അമോറിമിന് കീഴില്‍ മാഞ്ച്‌സറ്റര്‍ യുനൈറ്റഡിന് ആദ്യ ജയം. യൂറോപ്പാ ലീഗില്‍ നോര്‍വേജീയന്‍ ക്ലബ്ബ് ബോഡോ/ഗ്ലിമറ്റിനെതിരേ 3-2ന്റെ ജയമാണ് യുനൈറ്റഡ് നേടിയത്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ആദ്യ മല്‍സരത്തില്‍ ഇപ്‌സ്വിച്ചിനെതിരേ യുനൈറ്റഡ് സമനില വഴങ്ങിയിരുന്നു. ഇതിന്റെ പോരായ്മ യൂറോപ്പാ ലീഗില്‍ യുനൈറ്റഡ് ഇന്ന് തീര്‍ത്തു.
മല്‍സരത്തിന്റെ ഒന്നാം മിനിറ്റില്‍ തന്നെ ഗര്‍ണാച്ചോയിലൂടെ ചെകുത്താന്‍മാര്‍ ലീഡ് നേടിയിരുന്നു. എന്നാല്‍ 19ാം മിനിറ്റില്‍ എവ്ജനിലൂടെ നോര്‍വെ ക്ലബ്ബ് സമനില പിടിച്ചു. സിങ്കര്‍നഗലിലൂടെ ബോഡോ വേണ്ടും ലീഡെടുത്തു. തോല്‍വി മണത്തെ യുനൈറ്റഡ് പിന്നീട് അങ്ങോട്ട് മികച്ച മുന്നേറ്റം നടത്തി. റസ്മൂസ് ഹോയിലൂണ്ടിന്റെ ഇരട്ട ഗോളിലൂടെ യുനൈറ്റഡ് ജയം പിടിച്ചെടുക്കുകയായിരുന്നു. ഡാനിഷ് താരത്തിന്റെ ഗോളുകള്‍ 45, 50 മിനിറ്റുകളിലായിരുന്നു.
ടോട്ടന്‍ഹാം-റോമാ മല്‍സരം 2-2 സമനിലയില്‍ കലാശിച്ചു. മറ്റ് മല്‍സരങ്ങളില്‍ അയാകസിനെ റയല്‍ സോസിഡാഡ് പരാജയപ്പെടുത്തി. നീസിനെതിരേ റേയ്‌ഞ്ചേഴ്‌സ് 4-1ന്റെ ജയം നേടി.