മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ മിന്നും താരമാണ് ക്രൊയേഷ്യയുടെ ലൂക്കാ മൊഡ്രിച്ച്. 2012 മുതല്‍ 2024 വരെയുള്ള കാലങ്ങളില്‍ റയലിന്റെ എല്ലാ വിജയങ്ങളിലെയും സൂത്രധാരനാണ് ലൂക്കാ മൊഡ്രിച്ച്. ഇന്ന് സ്പാനിഷ് ലീഗില്‍ സെല്‍റ്റാ വീഗോയ്‌ക്കെതിരായ മല്‍സരത്തില്‍ ഇറങ്ങുമ്പോള്‍ ലൂക്കയുടെ പ്രായം 39 വയസ്സും 40 ദിവസവുമാണ്. റയലിനായി കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ബഹുമതിയാണ് മൊഡ്രിച്ചിന് സ്വന്തമായത്.
ഇതിഹാസ താരം ഫെറന്‍സ് പുസ്‌കാസിന്റെ റെക്കോഡാണ് മൊഡ്രിച്ച് തകര്‍ത്തത്. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ മിഡ്ഫീല്‍ഡര്‍ റയലിന്റെ വിജയഗോളിന് അസിസ്റ്റ് ഒരുക്കുകയും ചെയ്തു.വിനീഷ്യസ് ജൂനിയറാണ് 66ാം മിനിറ്റില്‍ റയല്‍ മാഡ്രിഡിന്റെ വിജയഗോള്‍ സ്‌കോര്‍ ചെയ്തത്. നേരത്തെ 20ാം മിനിറ്റില്‍ എഡ്വാര്‍ഡോ കാമവിംഗയുടെ അസിസ്റ്റില്‍ കിലിയന്‍ എംബാപ്പെ റയലിന്റെ ആദ്യ ഗോള്‍ നേടിയിരുന്നു. സെല്‍റ്റാ വിഗോയുടെ ആശ്വാസ ഗോള്‍ സ്വീഡ്‌ബെര്‍ഗാണ് 51ാം മിനിറ്റില്‍ നേടിയത്.
സ്പാനിഷ് ലീഗില്‍ ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ അത്‌ലറ്റിക്കോ ക്ലബ്ബ് എസ്പാനിയോളിനെ 4-1നും റയല്‍ ബെറ്റിസ് ഒസാസുനെയെ 2-1നും ജിറോണയെ റയല്‍ സോസിഡാഡ് എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തി. നാളെ നടക്കുന്ന മല്‍സരത്തില്‍ ബാഴ്‌സലോണ സെവിയ്യയെ നേരിടും.