ലണ്ടന്‍ സ്‌റ്റേഡിയം : ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ വെസ്റ്റ്ഹാം യുനൈറ്റഡിനെ എതിരില്ലാത്ത അഞ്ച് ഗോളിന് ലിവര്‍പൂള്‍ പരാജയപ്പെടുത്തി. ലൂയിസ് ഡയസ്, ഗാക്ക്‌പോ, മുഹമ്മദ് സലാഹ്, അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്, ഡീഗോ ജോട്ടാ എന്നിവര്‍ ചെമ്പടയ്ക്കായി സ്‌കോര്‍ ചെയ്തു. ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 45 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള നോട്ടിങ് ഹാം ഫോറസ്റ്റിനേക്കാള്‍ എട്ട് പോയിന്റിന്റെ ലീഡാണ് നോട്ടിങ്ഹാമിനുള്ളത്.
കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ എവര്‍ട്ടണെ എതിരില്ലാത്ത രണ്ട് ഗോളിനാണ് നോട്ടിങ്ഹാം പരാജയപ്പെടുത്തിയത്. മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി വിജയവഴിയില്‍ തിരിച്ചെത്തി. ലെസ്റ്റര്‍ സിറ്റിക്കെതിരേ എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയമാണ് മാഞ്ചസ്റ്റര്‍ സിറ്റി നേടിയത്. കിങ് പവര്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ സാവിനോ, എര്‍ലിങ് ഹാലന്റ് എന്നിവര്‍ സിറ്റിയ്ക്കായി സ്‌കോര്‍ ചെയ്തു.
ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ന്യൂകാസില്‍ യുനൈറ്റഡിനെ നേരിടും. ചെല്‍സി ഇപ്‌സ്വിച്ച് ടൗണിനെയും നേരിടും.