ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ലിവര്‍പൂളിന്റെ കുതിപ്പ് തുടരുന്നു. കിരീട പോരില്‍ ചെമ്പടയെ വെല്ലാന്‍ ആരുമില്ലെന്ന പ്രകടനവുമായാണ് കഴിഞ്ഞ ദിവസത്തെ മല്‍സരവും അവസാനിച്ചത്. ടോട്ടന്‍ഹാമിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ ചെന്ന് വീഴ്ത്തിയത് 6-3നാണ്. ലൂയിസ് ഡയസ്സ്, മുഹമ്മദ് സലാഹ് എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി. മാക്ക് അലിസ്റ്റര്‍, ഡൊമനിക്ക് സസോബോസലായി എന്നിവര്‍ മറ്റ് ഗോളുകളും നേടി.
മാഡിസണ്‍, കുലുസേവസ്‌കി, സോളങ്കേ എന്നിവര്‍ ടോട്ടന്‍ഹാമിന്റെ ഗോളുകള്‍ നേടി. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ലിവര്‍പൂളിന് 39 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്ത് 35 പോയിന്റുമായി ചെല്‍സിയാണുള്ളത്. 33 പോയിന്റുമായി ആഴ്‌സണല്‍ ആണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മല്‍സരത്തില്‍ ചെല്‍സിയെ എവര്‍ട്ടണ്‍ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചു.
മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എഎഫ്‌സി ബേണ്‍മൗത്തിനോട് എതിരില്ലാത്ത മൂന്ന് ഗോളിന്റെ പരാജയം വഴങ്ങി. തോല്‍വിയോടെ യുനൈറ്റഡ് 13ാം സ്ഥാനത്തേക്ക് വീണു. ബേണ്‍മൗത്ത് ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.