ലണ്ടൻ: എവേ മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ലിവർപൂൾ 2024-25 സീസൺ പ്രീമിയർ ലീഗ് കിരീടത്തിന് തൊട്ടിരികിലെത്തി. 32 മത്സരങ്ങളിൽ നിന്ന് 79 പോയിന്റുമായി ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ചെമ്പടക്ക് ഒരു കളി കൂടി ജയിക്കാനായാൽ 2020-നു ശേഷം കിരീടത്തിൽ ഒരിക്കൽക്കൂടി മുത്തമിടാം. തുടർച്ചയായ രണ്ട് സമനിലകൾക്കു ശേഷം ആർസനൽ വിജയവഴിയിൽ തിരിച്ചെത്തിയപ്പോൾ വിജയവുമായി ചെൽസി അഞ്ചാം സ്ഥാനത്തെത്തി. അതേസമയം, മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡിന് സ്വന്തം ഗ്രൗണ്ടിൽ വീണ്ടും കാലിടറി.
ലെസ്റ്റർ സിറ്റിയെ അവരുടെ തട്ടകത്തിൽ നേരിട്ട ലിവർപൂൾ 76-ാം മിനുട്ടിൽ ട്രെന്റ് അലക്‌സാണ്ടർ അർനോൾഡ് നേടിയ ഗോളിലാണ് ജയിച്ചു കയറിയത്. ലീഗിൽ 19-ാം സ്ഥാനത്തുള്ള ലെസ്റ്ററിനെതിരെ എല്ലാ മേഖലയിലും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും സന്ദർശകർക്ക് ലീഡ് വർധിപ്പിക്കാൻ കഴിഞ്ഞില്ല.
ഇപ്‌സ്വിച്ച് ടൗണിനെ അവരുടെ ഗ്രൗണ്ടിൽ നേരിട്ട ആർസനൽ ലിയാന്ദ്രോ ട്രൊസാർഡിന്റെ ഇരട്ട ഗോളുകളുടെയും ഗബ്രിയേൽ മാർട്ടിനല്ലി, എതാൻ ന്വാനേരി എന്നിവരുടെ ഗോളിന്റെയും ബലത്തിൽ എതിരില്ലാത്ത നാലു ഗോളിനാണ് ജയിച്ചത്. 32-ാം മിനുട്ടിൽ ബുകായോ സാകയെ മാരകമായി ഫൗൾ ചെയ്തതിന് ലെയ്ഫ് ഡേവിഡ് ചുവപ്പുകാർഡ് കണ്ട് പുറത്തായതിനു ശേഷം ഇപ്‌സ്വിച്ച് പത്തു പേരുമായാണ് കളിച്ചത്. അതിനു മുമ്പ് ട്രൊസാർഡിന്റെയും മാർട്ടിനല്ലിയുടെയും ഗോളുകളിൽ മുന്നിലെത്തിയ ഗണ്ണേഴ്‌സ് രണ്ടാം പകുതിയിലാണ് ശേഷിക്കുന്ന ഗോളുകൾ കണ്ടെത്തിയത്.
ഫുൾഹാമിനെ അവരുടെ ഗ്രൗണ്ടിൽ നേരിട്ട ചെൽസി ഇഞ്ച്വറി ടൈമിൽ പെഡ്രോ നെറ്റോ നേടിയ ഗോളിലാണ് ജയം പിടിച്ചെടുത്തത്. 20-ാം മിനുട്ടിൽ അലക്‌സ് ഇവോബിയിലൂടെ മുന്നിലെത്തിയ ഫുൾഹാം പിന്നീട് ശക്തമായി പ്രതിരോധിച്ചെങ്കിലും 83-ാം മിനുട്ടിൽ യുവതാരം ടിരിക് ജോർജ് തന്റെ കന്നി പ്രീമിയർ ലീഗ് ഗോളിലൂടെ ചെൽസിയെ ഒപ്പമെത്തിക്കുകയായിരുന്നു. 93-ാം മിനുട്ടിൽ എൻസോ ഫെർണാണ്ടസ് നൽകിയ പന്ത് കരുത്തുറ്റ ഷോട്ടിലൂടെ വലയിലാക്കി നെറ്റോ വിജയമുറപ്പിച്ചു.
യൂറോപ്പ ലീഗിൽ വൻതിരിച്ചുവരവിലൂടെ ഒളിംപിക് ലിയോണിനെ വീഴ്ത്തിയ മാഞ്ചസ്റ്റർ യുനൈറ്റഡിന് പ്രീമിയർ ലീഗിൽ പക്ഷേ, സ്വന്തം ഗ്രൗണ്ടിൽ അടിപതറി. തൊട്ടുമുന്നത്തെ നാല് കളിയിലും ജയിച്ച് കരുത്തുകാട്ടിയ വൂൾവറാംപ്ടൺ വാണ്ടറേഴ്‌സാണ് ഒരു ഗോളിന് ചുവന്ന ചെകുത്താന്മാരെ വീഴ്ത്തിയത്. 77-ാം മിനുട്ടിൽ പാബ്ലോ സറാബിയയാണ് ഗോൾ നേടിയത്. ഇതോടെ, 1962-63 നു ശേഷം ഹോം ഗ്രൗണ്ടിൽ ഏറ്റവുമധികം പരാജയം (8) നേരിടുന്ന സീസണായി യുനൈറ്റഡിനിത്.