മിയാമി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ മൂത്ത മകന്റെ ഫുട്‌ബോളിലെ പ്രകടനം ഇതിനകം തന്നെ ലോകം മുഴുവന്‍ കണ്ടതാണ്. പിതാവിന്റെ അതേ ചുവട് വച്ചുള്ള പ്രകടനം തന്നെയാണ് തിയാഗോയുടേത്. ഇപ്പോഴിതാ എംഎല്‍എസ് കപ്പ് അണ്ടര്‍ 13 ടൂര്‍ണ്മമെന്റില്‍ തിയാഗോ 11 ഗോളാണ് ഇന്റര്‍ മിയാമിയ്ക്കായി സ്‌കോര്‍ ചെയ്തത്. അറ്റ്‌ലാന്റാ യുനൈറ്റഡ് ടീമിനെതിരേ എതിരില്ലാത്ത 12 ഗോളിനാണ് ഇന്റര്‍മിയാമി വിജയിച്ചത്. 12, 27, 30, 35, 44, 51, 57, 67, 76, 89 മിനിറ്റുകളിലാണ് ജൂനിയര്‍ മെസ്സിയുടെ ഗോളുകള്‍ പിറന്നത്.
തന്റെ പിതാവിനെ പോലെ കളിയുടെ നിയന്ത്രണം മുഴുവന്‍ ഏറ്റെടുത്ത് മറ്റുള്ളവര്‍ക്ക് അവസരം സൃഷ്ടിക്കുന്ന പതിവും ഈ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ക്കുണ്ട്. 2023ല്‍ പിഎസ്ജിയില്‍ നിന്ന് മെസ്സി ഇന്റര്‍മിയാമിയിലെത്തിയപ്പോഴാണ് തിയാഗോയും ക്ലബ്ബിന്റെ യൂത്ത് അക്കാഡമിയില്‍ ചേരുന്നത്. മുമ്പ് താരം ബാഴ്‌സലോണ യൂത്ത് അക്കാഡമിയില്‍ ആയിരുന്നു.
തിയാഗോയുടെ പന്തടക്കവും, ട്രിപ്പളിങും സ്‌കിലും പിതാവ് മെസ്സി തന്റെ ബാല്യ കാലത്ത് ലാ മാസിയ അക്കാഡമിയില്‍ പുറത്തെടുത്ത അതേ മുഹൂര്‍ത്തങ്ങളാണെന്നാണ് ആരാധകര്‍ പറയുന്നത്. മെസ്സിയുടെ ഉറ്റസുഹൃത്തും ഇന്റര്‍മയാമിയിലെ സഹതാരവുമായ ലൂയിസ് സുവാരസിന്റെ മകന്‍ ബെഞ്ചമിന്‍ സുവാരസിന്റെ മകനും അണ്ടര്‍ 13 ടീമില്‍ കളിക്കുന്നുണ്ട്.