പൂനെ: രഞ്ജി ട്രോഫിയില്‍ ജമ്മുകശ്മീരിനെതിരേ കേരളത്തിന് ഒരു റണ്ണിന്റെ ലീഡ്. ജമ്മുവിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 290 റണ്‍സ് കേരളം ഇന്ന് പിന്തുടര്‍ന്നു. മല്‍സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് 200ന് ഒമ്പത് എന്ന നിലയിലാണ് കേരളം കളിതുടങ്ങിയത്. സല്‍മാന്‍ നിസാര്‍(112*), ബേസില്‍ തമ്പി(15) കൂട്ടുകെട്ടാണ് കേരളത്തിന് തുണയായത്. ഇരുവരും അവസാന വിക്കറ്റില്‍ അടിച്ചെടുത്തത് 81 റണ്‍സാണ്. നിലവില്‍ ജമ്മു രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടരുന്നു. കേരളത്തിനായി ഇന്നലെ ജലജ് സക്‌സേന 67 റണ്‍സെടുത്തിരുന്നു.എം ഡി നിധീഷ് 30ഉം റണ്‍സെടുത്തു.
ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയതോടെ മത്സരം സമനിലയില്‍ അവസാനിച്ചാലും കേരളത്തിന് സെമി ഫൈനലില്‍ കടക്കാന്‍ സാധിക്കും. ജമ്മു സെമി കളിക്കണമെങ്കില്‍ ഇനി കേരളത്തെ തോല്‍പ്പിക്കേണ്ടത് അനിവാര്യമാണ്.
പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ മൂന്നാം ദിനം തുടങ്ങുമ്പോള്‍ 49 റണ്‍സായിരുന്നു സല്‍മാന്റെ സ്‌കോര്‍. 67 റണ്‍സ് നേടിയ ജലജ് സക്‌സേനയാണ് കേരളത്തിന്റെ അടുത്ത ടോപ് സ്‌കോറര്‍. നിധീഷ് എം ഡി (30), അക്ഷയ് ചന്ദ്രന്‍ (29), മുഹമ്മദ് അസറുദ്ദീന്‍ (15) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. കേരളത്തിന് തുടക്കത്തിലെ രോഹന്‍ കുന്നുമ്മല്‍(1), ഷോണ്‍ റോജര്‍(0), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(2) എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായിരുന്നു.