കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസറ്റേഴ്‌സിന് രണ്ടാം ജയം. ലീഗില്‍ നവാഗതരായ മുഹമ്മദന്‍സിനെ 2-1നാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ച് ജയം പിടിച്ചെടുത്തത്. ക്വാമി പെപ്ര(67), ജീസസ് ജിമ്മന്‍സ് (75) എന്നിവരാണ് കൊമ്പന്‍മാര്‍ക്കായി വലകുലിക്കിയത്.
28ാം മിനിറ്റില്‍ ഒരു പെനാല്‍റ്റിയിലൂടെയാണ് മുഹമ്മദന്‍സ് മഞ്ഞപ്പടയെ ഞെട്ടിച്ചത്. മിര്‍ജലോല്‍ കാസിമോവാണ് മുഹമ്മദന്‍സിനായി സ്‌കോര്‍ ചെയ്തത്. കാര്‍ലോസ് ഫ്രാന്‍സയെ ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ സോം കുമാര്‍ ബോക്സില്‍ വീഴ്ത്തിയതിന് മുഹമ്മദന്‍സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്കെടുത്ത കസിമോവ് പന്ത് വലയിലെത്തിച്ച് മുഹമ്മദന്‍സിനെ മുന്നിലെത്തിച്ചു.
67-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ മറുപടിയെത്തി. പകരക്കാരനായി ഇറങ്ങി രണ്ടു മിനിറ്റിനുള്ളില്‍ ക്വാമി പെപ്രയാണ് ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചത്. ബോക്സിലേക്ക് ഉയര്‍ന്നുവന്ന പന്ത് നോഹ സദോയി മറിച്ചുനല്‍കിയത് ഒടിയെത്തിയ പെപ്ര വലയിലാക്കുകയായിരുന്നു. തുടര്‍ന്ന് 75-ാം മിനിറ്റില്‍ ജിമെനെസ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോളും സ്വന്തമാക്കി. ഇടതുവിങ്ങില്‍ നിന്ന് നവോച്ച സിങ് ഉയര്‍ത്തി നല്‍കിയ പന്ത് കിടിലനൊരു ഹെഡറിലൂടെ ജിമെനെസ് വലയിലാക്കുകയായിരുന്നു.പന്തടക്കത്തില്‍ 56 ശതമാനം ബ്ലാസ്റ്റേഴ്‌സ് മുന്നിട്ട് നിന്നു. ബോള്‍ പാസ്സിങില്‍ മഞ്ഞപ്പട ഏറെ മുന്നിലായിരുന്നു. മല്‍സരത്തില്‍ നാല് വീതം മഞ്ഞകാര്‍ഡുകള്‍ വീണിരുന്നു.
മത്സരത്തിനിടെ കൊല്‍ക്കത്ത കിഷോര്‍ഭാരതി സ്റ്റേഡിയത്തിലെ കാണികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മത്സരം തടസപ്പെട്ടു. മുഹമ്മദന്‍സിന് അനുകൂലമായ ഒരു പെനാല്‍റ്റി നിഷേധിച്ചതാണ് കാണികളെ ചൊടിപ്പിച്ചത്. ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോള്‍ നേടിയതിനു പിന്നാലെ കാണികള്‍ കളിക്കാര്‍ക്കു നേരെ കുപ്പികളും മറ്റുമെടുത്ത് എറിഞ്ഞു. ഇതോടെ റഫറി മത്സരം നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഒടുവില്‍ മുഹമ്മദന്‍സിന്റെ ആരാധക സംഘം കാണികളെ ശാന്തരാക്കിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്. 10 മിനിറ്റിലേറെ സമയം മത്സരം തടസപ്പെട്ടു. ജയത്തോടെ അഞ്ചു കളികളില്‍ നിന്ന് എട്ടു പോയന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്.