ജംഷേദ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. ജംഷേദ്പുര്‍ എഫ്സി ബ്ലാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ്് കീഴടക്കിയത്. പ്രതീക് ചൗധരിയാണ് ജംഷേദ്പുരിനായി വലകുലുക്കിയത്. ലീഗില്‍ കേരളം പത്താം സ്ഥാനത്താണ്. പരിശീലകസ്ഥാനത്തുനിന്ന് മിക്കേല്‍ സ്റ്റാറെയെ പുറത്താക്കിയതിനുശേഷം കളിച്ച ആദ്യ മത്സരത്തില്‍ മുഹമ്മദന്‍സിനെ കീഴടക്കി ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ എവേ മത്സരത്തില്‍ അത് തുടരാന്‍ ടീമിനായില്ല.
ജംഷേദ്പുരിലെ ജെ.ആര്‍.ഡി ടാറ്റ സ്പോര്‍ട്‌സ് കോംപ്ലക്സിലാണ് മത്സരം നടന്നത്. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നുവെങ്കിലും രണ്ടാം പകുതിയില്‍ കളി മാറി. 61-ാം മിനിറ്റില്‍ ജംഷേദ്പുര്‍ മുന്നിലെത്തി. പ്രതീക് ചൗധരിയിലൂടെ ജംഷേദ്പുര്‍ ഗോള്‍ കണ്ടെത്തിയതോടെ കേരളം പ്രതിരോധത്തിലായി.
പിന്നീട് ടീമിന് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല.14 മത്സരങ്ങളില്‍ നിന്ന് നാല് ജയവും രണ്ട് സമനിലയും എട്ട് തോല്‍വിയുമായി 10-ാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. എന്നാല്‍ 12 മത്സരങ്ങളില്‍ നിന്ന് ഏഴ് ജയവും അഞ്ച് തോല്‍വിയുമടക്കം 21 പോയന്റോടെ ജംഷേദ്പുര്‍ നാലാമതാണ്.