ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തേരോട്ടം ക്വാർട്ടറിൽ അവസാനിച്ചു. ഐ.എസ്.എൽ ചാമ്പ്യന്മാരായ മോഹൻ ബഗാനോട് ഒന്നിനെതിരെ രണ്ടു ഗോളിന് തോറ്റാണ് കൊമ്പന്മാർ ടൂർണമെന്റിൽ നിന്ന് പുറത്തായത്. മലയാളി താരം സഹൽ അബ്ദുസ്സമദ്, സുഹൈൽ അഹമ്മദ് ഭട്ട് എന്നിവർ ബഗാന്റെ ഗോളുകൾ നേടിയപ്പോൾ ശ്രീക്കുട്ടന്റെ ബൂട്ടിൽ നിന്നാണ് കൊമ്പന്മാരുടെ ആശ്വാസഗോൾ പിറന്നത്. മിന്നുന്ന പ്രകടനവുമായി ബഗാന്റെ മലയാളി ആക്രമണതാരം സലാഹുദ്ദീൻ അദ്‌നാൻ കളിയിലെ താരമായി.
ബഗാന്റെ താരപ്പെരുമയെ വകവെക്കാതെ മികച്ച പന്തടക്കത്തോടെ കളിച്ച ബ്ലാസ്‌റ്റേഴ്‌സ് തുടക്കത്തിൽ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും മുന്നേറ്റനിര നിറംമങ്ങിയത് തിരിച്ചടിയായി. 22-ാം മിനുട്ടിൽ ബഗാന്റെ മലയാളി താരങ്ങളായ അദ്‌നാനും സഹലും ചേർന്നാണ് ബ്ലാസ്‌റ്റേഴ്‌സിന് പണികൊടുത്തത്. ലോങ് ബോൾ പിടിച്ചെടുത്ത് വലതുവിങ്ങിലൂടെ നൃത്തംചെയ്തു കയറിയ അദ്‌നാൻ ബോക്‌സിലേക്ക് നൽകിയ പന്ത് പിടിച്ചെടുത്ത സഹൽ, പ്രതിരോധക്കാർക്കിടയിൽ വെച്ച് കൺട്രോൾ ചെയ്ത് വലകുലുക്കുകയായിരുന്നു.
ഗോൾ വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ബഗാൻ പ്രതിരോധത്തിന്റെയും ഗോൾകീപ്പർ ധീരജിന്റെയും മുന്നിൽ നിസ്സഹായരായി. 28-ാം മിനുട്ടിലും 38-ാം മിനുട്ടിലും മുൻ ബ്ലാസ്റ്റേഴ്‌സ് കീപ്പർ നടത്തിയ സേവുകൾ ബഗാന് രക്ഷയായി. ഹാഫ് ടൈമിന് പിരിയുമ്പോൾ ബഗാൻ ഒരു ഗോളിന് മുന്നിലായിരുന്നു.
ഇടവേള കഴിഞ്ഞെത്തിയ ബ്ലാസ്‌റ്റേഴ്‌സിനെ നിലയുറപ്പിക്കാൻ ബഗാൻ അനുവദിച്ചില്ല. സലാഹുദ്ദീൻ അദ്‌നാന്റെ ഒരു മിന്നിൽപ്പണർ നീക്കം കീപ്പർ സച്ചിൻ സുരേഷ് വിഫലമാക്കിയെങ്കിലും 51-ാം മിനുട്ടിൽ സുഹൈൽ ലീഡ് രണ്ടാക്കി ഉയർത്തി. ഇടതുവശത്തു കൂടി ഡ്രിബിൾ ചെയ്ത് സ്വതന്ത്രനായി ബോക്‌സിൽ കയറിയ ആശിഷ് കുരുണിയൻ ബോക്‌സിനു കുറുകെ നീട്ടിനിൽകിയ പന്ത്, മാർക്ക് ചെയ്യപ്പെടാതെ നിന്ന സുഹൈൽ അനായാസം വലയിലേക്ക് തട്ടിയിടുകയായിരുന്നു.
രണ്ടു ഗോൾ ലീഡ് നേടിയതോടെ ബഗാൻ പ്രതിരോധത്തിൽ ശ്രദ്ധയൂന്നി കളിക്കാൻ തുടങ്ങി. പന്ത് കൂടുതൽ സമയം ലഭിച്ച ബ്ലാസ്റ്റേഴ്‌സ് ചില മികച്ച നീക്കങ്ങളുണ്ടാക്കിയെങ്കിലും ഫൈനൽ ടച്ച് നൽകാൻ മുന്നേറ്റക്കാർക്കായില്ല. ഇഞ്ച്വറി ടൈമിന്റെ മൂന്നാം മിനുട്ടിൽ മികച്ച ഫിനിഷിലൂടെ ശ്രീക്കുട്ടൻ ഗോൾ മടക്കിയത് മഞ്ഞപ്പടയ്ക്ക് കരുത്തേകിയെങ്കിലും പിന്നീട് ഗോൾ വഴങ്ങാതെ പിടിച്ചുനൽകാൻ മറീനേഴ്‌സിന് കഴിഞ്ഞു.
പ്രതിരോധ വീഴ്ചകളും ഫിനിഷിങ് പോരായ്മകളുമാണ് പരാജയകാരണമെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് കറ്റാല പറഞ്ഞു. ഗോളിൽ നിന്ന് ഒരു മീറ്റർ അകലെ വെച്ചുപോലും തന്റെ കളിക്കാർ അവസരം നഷ്ടപ്പെടുത്തിയെന്നും, ഇത്തരം പിഴവുകൾ അനുവദിക്കാൻ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങൾ ഒരുപാട് അവസരങ്ങൾ നഷ്ടപ്പെടുത്തി. വഴങ്ങിയ രണ്ട് ഗോളുകളും പ്രതിരോധത്തിലെ പിഴവുകൾ കൊണ്ടാണ്. എല്ലാ കളിക്കാരും നൂറു ശതമാനം നൽകിയില്ല. ഐ.എസ്.എൽ കഴിഞ്ഞപ്പോൾ പലരും ഹോളിഡേ മൂഡിലാണ്. ഈ ചിന്താഗതിയുമായി മത്സരിക്കാൻ കഴിയില്ല. ഒരു മീറ്റർ മുന്നിൽവെച്ച് ഒരു പ്രൊഫഷണൽ കളിക്കാരന് ഗോളടിക്കാൻ കഴിയാതിരിക്കുക എന്നത് അംഗീകരിക്കാവുന്ന കാര്യമല്ല. പ്രതിരോധത്തിലും ഞങ്ങൾ വേണ്ടത്ര ശക്തരായിരുന്നില്ല. നിരവധി മണ്ടൻ പിഴവുകൾ ഞങ്ങൾ വരുത്തി.’ – അദ്ദേഹം പറഞ്ഞു.