ഭുവനേശ്വർ – ഐ.എസ്.എല്ലിലെ മോശം പ്രകടനത്തിന് എ.ഐ.എഫ്.എഫ് സൂപ്പർ കപ്പിൽ പ്രായശ്ചിത്തം ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ചാണ് കൊമ്പന്മാർ കരുത്തുകാട്ടിയത്. ജീസസ് ജിമനസ്, നോഹ് സദോവി എന്നിവർ ഗോളുകൾ നേടിയപ്പോൾ പുതിയ കോച്ച് ഡേവിഡ് കാറ്റലയുടെ ബ്ലാസ്‌റ്റേഴ്‌സിലെ തുടക്കം മിന്നുന്ന വിജയത്തോടെയായി. ഐ.എസ്.എൽ ചാമ്പ്യന്മാരായ മോഹൻ ബഗാൻ ആണ് ക്വാർട്ടർ ഫൈനലിൽ ബ്ലാസ്റ്റേഴ്‌സിന് എതിരാളികൾ.
ഐ.എസ്.എൽ പ്ലേഓഫിന് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും, പുതിയ കിറ്റണിഞ്ഞാണ് ഭുവനേശ്വറിൽ കളിക്കാനിറങ്ങിയത്. പിൻനിരയിൽ നിന്ന് കളിയുണ്ടാക്കുന്ന ശൈലി അവലംബിച്ച ബ്ലാസ്റ്റേഴ്‌സിനെതിരെ കൂടുതൽ ആക്രമണാത്മക രീതിയിലാണ് ബംഗാൾ ടീം കളിച്ചത്. നീലക്കുപ്പായത്തിലിറങ്ങിയ മഞ്ഞപ്പടയ്ക്ക് രണ്ടാം മിനുട്ടിൽ തന്നെ മികച്ച ഒരു അവസരം ലഭിച്ചെങ്കിലും നോഹിന്റെ കട്ബാക്ക് പാസ് ഗോളാക്കാൻ ജിമനസിന് കഴിഞ്ഞില്ല. 34-ാം മിനുട്ടിലും നല്ലൊരവസരം ജിമനസ് നഷ്ടപ്പെടുത്തി.
38-ാം മിനുട്ടിൽ നോഹിനെ ബോക്‌സിൽ ഫൗൾ ചെയ്തതിന് ഈസ്റ്റ് ബംഗാൾ പെനാൽട്ടി വഴങ്ങി. ജിമനസിന്റെ കിക്ക് ഈസ്റ്റ്ബംഗാൾ കീപ്പർ തടുത്തിട്ടെങ്കിലും കിക്കെടുക്കുംമുമ്പ് ലൈനിൽ നിന്ന് മുന്നോട്ടു കയറിയിരുന്നതിനാൽ റഫറി അസാധുവാക്കി. രണ്ടാമതും കിക്കെടുത്ത ജിമനസിന് പിഴച്ചില്ല (1-0).
മിനുട്ടുകൾക്കുള്ളിൽ ഈസ്റ്റ് ബംഗാളിന്റെ പ്രത്യാക്രമണം സമനില ഗോളിൽ കലാശിച്ചുവെന്ന് തോന്നിച്ചെങ്കിലും വിഷ്ണുവിന് പോസ്റ്റ് തടസ്സമായി.
രണ്ടാം പകുതി തുടങ്ങി 11 മിനുട്ടിനു ശേഷം ജിമനസ് ബ്ലാസ്റ്റേഴ്‌സിന്റെ ലീഡുയർത്തി എന്ന് തോന്നിയെങ്കിലും ഓഫ്‌സൈഡ് വില്ലനായി. ഈസ്റ്റ് ബംഗാൾ ഡിഫന്റർമാരുടെ നോട്ടപ്പുള്ളിയായിരുന്ന ആഡ്രിയൻ ലൂനയെ പിൻവലിച്ച് 57-ാം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് ഫ്രെഡ്ഡിയെ കളത്തിലിറക്കി.
64-ാം മിനുട്ടിലാണ് നോഹ് സദോവി കൊമ്പന്മാരുടെ രണ്ടാം ഗോൾ കണ്ടെത്തിയത്. വലതുഭാഗത്ത് രണ്ട് പ്രതിരോധക്കാരെ വകഞ്ഞു മുന്നേറിയ താരം ഇടങ്കാൽ കൊണ്ട് തൊടുത്ത ഷോട്ട് പോസ്റ്റിന്റെ വലതുമൂലയിൽ ചെന്നു പതിച്ചപ്പോൾ, ഡൈവ് ചെയ്ത ഗോൾകീപ്പർ ഗിൽ നിസ്സഹായനായി.
രണ്ടു ഗോൾ കുഷ്യനിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബ്ലാസ്റ്റേഴ്‌സ് എതിരാളികൾക്ക് പിന്നീട് കാര്യമായ അവസരം നൽകിയില്ല. ആക്രമണ താരങ്ങളെ പിൻവലിച്ച് പ്രതിരോധം ശക്തിപ്പെടുത്തിയ കോച്ച് നയം വ്യക്തമാക്കുകയും ചെയ്തു.
പുതിയ കോച്ചിനു കീഴിൽ കരുത്തരായ ഈസ്റ്റ് ബംഗാളിനെ മുട്ടുകുത്തിച്ച ബ്ലാസ്‌റ്റേഴ്‌സിന് ക്വാർട്ടർ ഫൈനൽ ഇതിലും കടുപ്പമാവും. ഐ.എസ്.എൽ ചാമ്പ്യന്മാരായ ബഗാൻ ആണ് എതിരാളികൾ. റൗണ്ട് ഓഫ് 16-ൽ എതിരാളികളായ ചർച്ചിൽ ബ്രദേഴ്‌സ് പിന്മാറിയതോടെയാണ് ബഗാന് ക്വാർട്ടർ ബർത്ത് ലഭിച്ചത്. അടുത്ത ശനിയാഴ്ചയാണ് മത്സരം.
മറ്റൊരു പ്രീക്വാർട്ടർ മത്സരത്തിൽ നാളെ കേരളത്തിൽ നിന്നുള്ള മറ്റൊരു കരുത്തരായ ഗോകുലം കേരള എഫ്.സി ഗോവയെ നേരിടും.