കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. നിലവിലെ ചാംപ്യന്‍മാരും പോയിന്റ് പട്ടികയിലെ ഒന്നാമന്‍മാരുമായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനെതിരെ മത്സരത്തിന്റെ 85ാം മിനിറ്റ് വരെ 21ന് മുന്നിലായിരുന്ന ബ്ലാസ്റ്റേഴ്‌സിനെ, അവസാന മിനിറ്റുകളില്‍ നേടിയ ഇരട്ട ഗോളിലാണ് മോഹന്‍ ബഗാന്‍ വീഴ്ത്തിയത്. ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ പിഴവ് മുതലെടുത്ത് മോഹന്‍ ബഗാനായിരുന്നു ആദ്യം മുന്നിലെത്തിയത്. 33ാം മിനിറ്റില്‍ ജാമി മക്ലാരനാണ് മോഹന്‍ ബഗാനായി ഗോള്‍ നേടിയത്. ലോങ് റേഞ്ചര്‍ പിടിച്ചെടുക്കുന്നതില്‍ വരുത്തിയ പിഴവില്‍നിന്ന് സച്ചിന്‍ സുരേഷ് ഗോള്‍ വഴങ്ങിയത്.
51ാം മിനിറ്റില്‍ ഹിമെനെ ഹെസൂസിലൂടെ ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തി. 77-ാം മിനിറ്റില്‍ മിലോസ് ഡ്രിന്‍സിച്ച് ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. 86-ാം മിനിറ്റില്‍ ജെയ്‌സന്‍ കമ്മിന്‍സ് മോഹന്‍ ബഗാനെ ഒപ്പമെത്തിച്ചു. പിന്നാലെ അധികസമയത്തെ ഗോളിലൂടെ ആല്‍ബര്‍ട്ടോ (90+5) വിജയം പിടിച്ചെടുത്തു. നേരത്തെ ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന് അര്‍ഹിച്ച പെനല്‍റ്റി റഫറി അനുവദിച്ചിരുന്നില്ല. സീസണിലെ ഏഴാം തോല്‍വി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നു ജയവും രണ്ടു സമനിലയുമായി 11 പോയിന്റുമായി 10ാം സ്ഥാനത്താണ്.