ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് ഒഡീഷാ എഫ്‌സിയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോയ് കൃഷ്ണയ്ക്ക് സീസണ്‍ നഷ്ടമാവും. ഫിജിയന്‍ ദേശീയ ടീം ക്യാപ്റ്റനായ താരത്തിന് എസിഎല്‍ ഇഞ്ചുറിയാണെന്ന് ഒഡീഷ സ്ഥിരീകരിച്ചു. താരത്തിന്റെ സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ നഷ്ടമാവും. നവംബര്‍ 25ന് ഹൈദരാബാദ് എഫ്‌സിയ്‌ക്കെതിരേ നടന്ന മല്‍സരത്തിനിടെയാണ് 37കാരനായ റോയ് കൃഷ്ണയ്ക്ക് പരിക്ക് പറ്റിയത്.
മല്‍സരത്തിന്റെ 11ാം മിനിറ്റില്‍ ഉയരത്തിലെത്തിയ പന്തിനെ പിന്തുടര്‍ന്ന താരം കാല് കുത്തി വീഴുകയായിരുന്നു. റോയ് കൃഷ്ണയുടെ ഈ ഐഎസ്എല്‍ സീസണിനാണ് ഇതോടെ വിരാമമായത്. വളരെ വേദനയോടെയാണ് റോയ് കൃഷ്ണയുടെ പരിക്കിന്റെ വിവരങ്ങള്‍ പുറത്ത് വിടുന്നതെന്നും ടീമിന്റെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ താരത്തിന്റെ കുറവ് കാര്യമായി ബാധിക്കുമെന്നു ഒഡീഷാ കോച്ച് സെര്‍ജി ലൊബേറോ വ്യക്തമാക്കി.
ടീമിനായി താരം ഈ സീസണില്‍ മൂന്ന് ഗോളുകള്‍ സ്‌കോര്‍ ചെയ്തിരുന്നു. കഴിഞ്ഞ സീസണിലാണ് താരം ഒഡീഷയിലെത്തിയത്. ടീമിനായി ഇതുവരെ 13 ഗോളുകളും ഏഴ് അസിസ്റ്റും നേടിയിട്ടുണ്ട്.