ജിദ്ദ: ജിദ്ദയില്‍ രണ്ട് ദിവസമായി നടന്ന ഐപിഎല്‍ ലേലം ഇന്നലെയാണ് അവസാനിച്ചത്. 182 താരങ്ങളെയാണ് വിവിധ ക്ലബ്ബുകള്‍ ടീമിലെത്തിച്ചത്. 181ാം സ്ഥാനത്തെത്തിയ ഒരു മലയാളി താരമുണ്ട്. ആരും പ്രതീക്ഷിക്കാത്ത ഒരു താരം. വിഘ്‌നേഷ് പുത്തൂര്‍. ലേലം അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് ടീമുകള്‍ക്ക് ഇഷ്ടമുള്ള താരങ്ങളെ വിളിക്കാമെന്ന് അവതാരിക മല്ലിക പറയുന്നത്. ഇത്തവണ രണ്ട് തവണ ടീമുകള്‍ക്ക് അവസരം നല്‍കിയതിന് ശേഷമാണ് വിഘ്‌നേഷിന്റെ പേര് വിളിക്കുന്നത്. പരിചയസമ്പന്നരായ സന്ദീപ് വാര്യര്‍, സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരെ ഒക്കെ പിന്തള്ളിയാണ് വിഘ്‌നേഷിന് പ്രതീക്ഷിക്കാതെ വിളി വരുന്നത്. ആ പേര് വന്നയുടെ മുംബൈ ഇന്ത്യന്‍സ് താരത്തെ ടീമിലെത്തിക്കാന്‍ താല്‍പ്പര്യപ്പെടുകയായിരുന്നു.
കേരളാ ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ സ്‌ക്വാഡിലായിരുന്നു ഈ പെരിന്തല്‍മണ്ണക്കാരന്‍ കളിച്ചത്. നിലവില്‍ പെരിന്തല്‍മണ്ണ പിടിഎം ഗവണ്‍മെന്റ് കോളജിലെ എംഎ ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥിയാണ്. മലപ്പുറം പെരിന്തല്‍മണ്ണയിലെ ഓട്ടോ ഡ്രൈവര്‍ സുനില്‍ കുമാറിന്റെയും കെ പി ബിന്ദുവിന്റെയും ഏക മകനാണ് വിഘ്‌നേഷ്.
ആലപ്പി റിപ്പിള്‍സിനായി കളിച്ച മികവാണ് മുംബൈ ഇന്ത്യന്‍സിന്റെ ശ്രദ്ധ പിടിച്ച് പറ്റാന്‍ കാരണം. മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സിന് മൂന്ന് തവണയാണ് താരത്തെ വിളിച്ചത്. ശ്രീലങ്കന്‍ ഇതിഹാസം മഹേള ജയവര്‍ധനെ, വിന്‍ഡീസിന്റെ കീയറന്‍ പൊള്ളാര്‍ഡ്, മുംബൈയുടെ നായകന്‍ ഹാര്‍ദ്ദിക്ക് പാണ്ഡെ എന്നിവര്‍ക്ക് മുന്നിലായിരുന്നു വിഘ്‌നേഷിന്റെ ട്രയല്‍സ് പ്രകടനം. ഇത് ഏവര്‍ക്കും ഇഷ്ടപ്പെട്ടുവെന്നും എന്നാല്‍ ടീമിലേക്കുള്ള വിളി പ്രതീക്ഷിച്ചില്ലെന്നും വിഘ്‌നേഷ് പറയുന്നു.
വിഘ്‌നേഷിന്റെ ക്രിക്കറ്റിലെ കഴിവ് തിരിച്ചറിഞ്ഞ് നാട്ടുകാരനായ ഷരീഫാണ് പെരിന്തല്‍മണ്ണയിലെ ക്രിക്കറ്റ് കോച്ച് വിജയന്റെ അടുത്ത് വിഘ്‌നേഷിനെ എത്തിക്കുന്നത്. പിന്നീട് കേരളാ അണ്ടര്‍ 14, 19, 23 വിഭാഗങ്ങളില്‍ താരം തിളങ്ങി. കരിയറിലെ വഴിതിരിവായത് ആലപ്പി റിപ്പിള്‍സിനൊപ്പമുള്ള പ്രകടനമാണ്. ലോക ഫ്രാഞ്ചൈസി ലീഗിലെ തലതൊട്ടപ്പന്‍മാരായ ഐപിഎല്ലിലെ രാജകീയ ടീമായ മുംബൈ ഇന്ത്യന്‍സില്‍ സൂപ്പര്‍ താരങ്ങളായ രോഹിത്തിനും ഹാര്‍ദ്ദിക്കിനൊപ്പം കളിക്കാമെന്ന സ്വപ്‌നവുമായാണ് വിഘ്‌നേഷിന്റെ ഇനിയുള്ള യാത്ര.