ഗുവഹാത്തി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറ് റണ്‍സിന് തോല്‍പിച്ച് രാജസ്ഥാന്‍ റോയല്‍സ്. 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ ഇന്നിങ്‌സ് നിശ്ചിത 20 ഓവറില്‍ 176/6 ല്‍ അവസാനിച്ചു. ആദ്യ രണ്ടു മല്‍സരങ്ങളിലും തോറ്റ രാജസ്ഥാന്റെ ആദ്യജയമാണിത്. സീസണില്‍ മൂന്നു മത്സരങ്ങളില്‍നിന്ന് ചെന്നൈയുടെ രണ്ടാം തോല്‍വിയാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 182 റണ്‍സ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മറുപടി 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സില്‍ ഒതുങ്ങി. 44 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സും സഹിതം 63 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഏഴാമനായി ഇറങ്ങിയ ധോണി 11 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 16 റണ്‍സെടുത്ത് പുറത്തായി. രവീന്ദ്ര ജഡേജ 22 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 32 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ, വണ്‍ഡൗണായി ക്രീസിലെത്തി അര്‍ധ സെഞ്ചറി നേടിയ നിതീഷ് റാണയുടെ ഇന്നിങ്‌സാണ് രാജസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്. 36 പന്തുകള്‍ നേരിട്ട റാണ 81 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് സിക്‌സുകളും 10 ഫോറുകളും റാണ അടിച്ചുകൂട്ടി. റിയാന്‍ പരാഗ് (37), സഞ്ജു സാംസണ്‍ (20), ഷിമ്രോണ്‍ ഹെറ്റ്മിയര്‍ ( 19) എന്നിവരാണ് രാജസ്ഥാന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
സ്‌കോര്‍ നാലില്‍ നില്‍ക്കെ സ്പിന്നര്‍ ഖലീല്‍ അഹമ്മദിന്റെ പന്തില്‍ യശസ്വി ജയ്‌സ്വാളിനെ രാജസ്ഥാനു നഷ്ടമായി. തൊട്ടുപിന്നാലെ വന്ന നിതീഷ് റാണ വെടിക്കെട്ടിനു തിരികൊളുത്തിയതോടെ പവര്‍പ്ലേയില്‍ രാജസ്ഥാന്‍ നേടിയത് 79 റണ്‍സ്. നൂര്‍ അഹമ്മദിനെ സിക്‌സര്‍ പറത്താനുള്ള സഞ്ജുവിന്റെ ശ്രമം രചിന്‍ രവീന്ദ്രയുടെ കൈകളിലാണ് അവസാനിച്ചത്. ചെന്നൈക്കായി ഖലീല്‍ അഹമ്മദ്, നൂര്‍ അഹമ്മദ്, മതീഷ പതിരാന എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഐപിഎല്ലില്‍ ഇന്ന് ആദ്യം നടന്ന മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയിച്ചു. ഏഴു വിക്കറ്റിനാണ് ഡല്‍ഹി സണ്‍റൈസേഴ്‌സിനെ തോല്‍പ്പിച്ചത്. സീസണില്‍ ഹൈദരാബാദിന്റെ രണ്ടാം തോല്‍വിയാണിത്. ഹൈദരാബാദ് ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 16 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. ഡല്‍ഹിക്കായി അര്‍ധ സെഞ്ചറി നേടിയ ഫാഫ് ഡുപ്ലേസി മികച്ച തുടക്കമാണ് നല്‍കിയത്. 27 പന്തുകള്‍ നേരിട്ട ഡുപ്ലേസി 50 റണ്‍സെടുത്തു.
ഓപ്പണര്‍ ജേക് ഫ്രേസര്‍ മഗ്രുക് 38 റണ്‍സും അഭിഷേക് പൊറേല്‍ 34 റണ്‍സും എടുത്തു . വിയാന്‍ മുള്‍ഡര്‍ എറിഞ്ഞ 16ാം ഓവറിലെ അവസാന പന്ത് സിക്‌സര്‍ പറത്തി അഭിഷേക് പൊറേലാണു ഡല്‍ഹിയുടെ വിജയ റണ്‍സ് കുറിച്ചത്. 21 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്‌സ് പുറത്താകാതെനിന്നു. നേരിട്ട കെ.എല്‍. രാഹുല്‍ 15 റണ്‍സ് നേടി. ഹൈദരാബാദിനായി സ്പിന്നര്‍ സീഷന്‍ അന്‍സാരി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 18.4 ഓവറില്‍ 163 റണ്‍സെടുത്തു പുറത്തായി. മധ്യനിര താരം അനികേത് വര്‍മയുടെ അര്‍ധ സെഞ്ചറിയാണ് പൊരുതാവുന്ന സ്‌കോറിലേക്ക് സണ്‍റൈസേഴ്‌സിനെ എത്തിച്ചത്. 41 പന്തുകള്‍ നേരിട്ട അനികേത് ആറു സിക്‌സും അഞ്ചു ഫോറുകളുമുള്‍പ്പടെ 74 റണ്‍സെടുത്തു പുറത്തായി. ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ചും കുല്‍ദീപ് യാദവ് മൂന്നും വീതം വിക്കറ്റ് വീഴ്ത്തി.