മിയാമി: മേജര്‍ ലീഗ് സോക്കറില്‍ ഇത്തവണ ലയണല്‍ മെസിയും കൂട്ടരും കപ്പ് ഉയര്‍ത്തില്ല. അറ്റ്ലാന്റ യുനൈറ്റഡിനോട് പരാജയപ്പെട്ടതോടെ മേജര്‍ ലീഗ് സോക്കറിന്റെ ആദ്യ റൗണ്ടില്‍ തന്നെ ഇന്റര്‍മിയാമി പുറത്തായി. മൂന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്റര്‍മിയാമിയുടെ പരാജയം.
രണ്ടാം പകുതിയില്‍ ഹെഡറിലൂടെ മെസി സമനില നേടിയെങ്കിലും 76ാം മിനിറ്റില്‍ ബര്‍ടോസ് സ്ലീസിന്റെ ഹെഡറിലൂടെ അറ്റ്‌ലാന്റ ലീഡ് സ്വന്തമാക്കുകയായിരുന്നു. കൂടുതല്‍ ഗോളുകള്‍ നേടാന്‍ മെസിക് അവസരമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഫ്രീകിക്കുകള്‍ അറ്റ്‌ലാന്റ പ്രതിരോധം തടഞ്ഞു. അവസാന മിനിറ്റുകളില്‍ കിട്ടിയ ഫ്രീകിക്കുകള്‍ മെസി ഗോളാക്കുമെന്ന് ആരാധകര്‍ കരുതിയെങ്കിലും ലക്ഷ്യം കണ്ടില്ല.
എംഎല്‍എസ് പ്ലേ ഓഫ് ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ തിരിച്ചടിയാണ് എംഎല്‍എസിനുണ്ടായത്. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ റെക്കോര്‍ഡുമായാണ് മിയാമി കളത്തിലിറങ്ങിയിരുന്നത്. മിയാമിയേക്കാള്‍ 34 പോയിന്റ് പിന്നിലുള്ള അറ്റ്‌ലാന്റ, ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലാണ് പോസ്റ്റ്‌സീസണിലെത്തിയത്.