ബ്രസീൽ– ബ്രസീലിൽ നടക്കുന്ന ഡബ്ല്യു.ടി.ടി സ്റ്റാർ കണ്ടൻഡർ ടൂർണമെന്റിൽ ഇന്ത്യയുടെ വനിതാ ടേബിൾ ടെന്നീസ് താരമായ മണിക ബത്ര ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ദക്ഷിണ കൊറിയയുടെ കിം നാ-യെങ്ങിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് ബത്ര ക്വാർട്ടർ പ്രവേശനം നേടിയത്. 3-2 എന്ന സ്കോറിലാണ് മണിക ബത്ര ആവേശഭരിതമായ ജയം സ്വന്തമാക്കിയത്.
ആദ്യ ഗെയിം പരാജയപ്പെട്ടതിനു ശേഷമാണ് മണിക തൻറെ മികവുറ്റ പ്രകടനം പുറത്തെടുത്തത്. മത്സരം സ്കോർ: 6-11, 11-5, 11-3, 7-11, 11-4 എന്നിങ്ങനെയായിരുന്നു. ശക്തമായ തിരിച്ചുവരവിലൂടെ ഇന്ത്യയുടെ ടേബിൾ ടെന്നീസ് ചരിത്രത്തിൽ ഡബ്ല്യു.ടി.ടിയുടെ അഞ്ച് പ്രധാന ടൂർണമെന്റുകളിലും ക്വാർട്ടർ ഫൈനലിൽ എത്തുന്ന ആദ്യ വനിതാ സിംഗിൾസ് താരമെന്ന നേട്ടം മണിക സ്വന്തമാക്കി.
ഇതോടെ ഡബ്ല്യു.ടി.ടി സ്‌മാഷ്, ചാമ്പ്യൻസ്, സ്റ്റാർ കണ്ടൻഡർ, കണ്ടൻഡർ, ഫീഡർ എന്നീ ടൂർണമെന്റുകളിൽ ആദ്യ എട്ടിലേക്ക് കടന്ന ആദ്യ ഇന്ത്യൻ വനിത എന്ന ബഹുമതിയും താരത്തിനു ലഭിച്ചു.
എന്നാൽ, പുരുഷ ടേബിൽ ടെന്നീസ് താരങ്ങൾക്ക് നിരാശയുടെ ദിനമായിരുന്നു. ഇന്ത്യയുടെ ഹർമീത് ദേശായി, ദക്ഷിണ കൊറിയയുടെ ജുൻ സങ്ങിനോട് 1-3ന് കീഴടങ്ങി, മറ്റൊരു താരമായ മനുഷ് ഷാ ജർമ്മനിയുടെ ബെനഡിക്ട് ഡുഡയോട് അതേ സ്‌കോറിന് തോറ്റു.
മണികയുടെ ചരിത്രനേട്ടം ഇന്ത്യൻ ടേബിൾ ടെന്നിസിന് പുതിയ ആത്മവിശ്വാസം പകരുന്നതാണ്.