ക്വലാലംപുര്‍: അണ്ടര്‍ 19 വനിതാ ട്വന്റി-20 ലോകകപ്പ് നിലനിര്‍ത്തി ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യന്‍ പെണ്‍കുട്ടികളുടെ തിളക്കമാര്‍ന്ന വിജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 83 റണ്‍സ് വിജയ ലക്ഷ്യം 11.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. കളിയുടെ സര്‍വ മേഖലകളിലും ആധിപത്യം പുലര്‍ത്തിയ ഇന്ത്യന്‍ ‘പെണ്‍പുലികള്‍ക്ക്’ മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല.
ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. ഗൊംഗാദി തൃഷ വെടിക്കെട്ട് പ്രകടനം നടത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ അതിവേഗം ഉയര്‍ന്നു. എന്നാല്‍ ടീം സ്‌കോര്‍ 36 ല്‍ നില്‍ക്കേ ആദ്യ വിക്കറ്റ് നഷ്ടമായി. ജി കമാലിനി എട്ട് റണ്‍സെടുത്ത് പുറത്തായി. പിന്നാലെയിറങ്ങിയ സനിക ചാല്‍ക്കെയുംഗംഭീര ബാറ്റിങ് പുറത്തെടുത്തതോടെ ഇന്ത്യ വിജയമുറപ്പിച്ചു.തൃഷ 44 റണ്‍സും സനിക 26 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ 82 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ക്ക് ഇന്ത്യന്‍ ബൗളിങിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. 23 റണ്‍സെടുത്ത സിക് വാന്‍ വൂസ്റ്റാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍.
ഓപ്പണര്‍ ജെമ്മ ബോത്ത 16 റണ്‍സും ഫേ കൗളിങ് 15 റണ്‍സുമെടുത്ത് പുറത്തായി. വിക്കറ്റ് കീപ്പര്‍ കരാബോ മീസോ 10 റണ്ണെടുത്തു. മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല.ഇന്ത്യക്കായി തൃഷ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആയുഷി ശുക്ല, വൈഷ്ണവി ശര്‍മ, പരുണിക സിസോദിയ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. കന്നിക്കിരീടം ലക്ഷ്യമിട്ട ദക്ഷിണാഫ്രിക്ക നിരാശയോടെ മടങ്ങി.
ടൂര്‍ണമെന്റിലുടനീളം മിന്നും ഫോം കാഴ്ചവെച്ച മലയാളി താരവും പേസ് ബൗളറുമായ വി.ജെ ജോഷിത കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. ആറ് വിക്കറ്റ് നേടിയ വയനാട്ടുകാരി ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ വിന്‍ഡീസിനെതിരേ അഞ്ച് റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി കളിയിലെ താരമാവുകയും ചെയ്തിരുന്നു.