മുംബൈ: അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ ബി.സി സി ഐ തീരുമാനിച്ചു. കളിക്കാരുടെയും കാണികളുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.
‘സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം പുതുക്കിയ ഷെഡ്യൂളും വേദികളും പ്രഖ്യാപിക്കും,’ ബി.സി സി ഐ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഫ്രാഞ്ചൈസികള്‍, കളിക്കാര്‍, ബ്രോഡ്കാസ്റ്റര്‍, സ്‌പോണ്‍സര്‍മാര്‍, ആരാധകര്‍ എന്നിവരുടെ ആശങ്കകള്‍ പരിഗണിച്ചാണ് ഐ.പി.എല്‍ ഗവേണിംഗ് കൗണ്‍സില്‍ ഈ തീരുമാനമെടുത്തത്. ‘ഈ നിര്‍ണായക ഘട്ടത്തില്‍ ബി.സി സി ഐ രാജ്യത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നു. ഇന്ത്യന്‍ സര്‍ക്കാരിനും സായുധ സേനയ്ക്കും ജനങ്ങള്‍ക്കും ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു-ബി.സി.സി.ഐ പ്രസ്താവനയില്‍ പറഞ്ഞു. ജിയോസ്റ്റാര്‍, ടൈറ്റില്‍ സ്‌പോണ്‍സര്‍ ടാറ്റ, മറ്റ് പങ്കാളികള്‍ എന്നിവരുടെ പിന്തുണയെ ബി.സി.സി.ഐ പ്രശംസിച്ചു.
അതിര്‍ത്തിയില്‍ ഇന്നലെ രാത്രി നടന്ന ഇന്ത്യ-പാക് സംഘര്‍ഷം ക്രിക്കറ്റ് ലോകത്തെയും പിടിച്ചുകുലുക്കി. ഐ.പി.എല്ലില്‍ ഇന്നലെ ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ നടന്ന പഞ്ചാബ് കിംഗ്‌സ്-ഡല്‍ഹി ക്യാപ്റ്റല്‍സ് മത്സരം അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചിരുന്നു. ഡല്‍ഹിക്കെതിരെ പഞ്ചാബ് ബാറ്റിംഗ് തുടരവെയാണ് മാച്ച് ഒഫീഷ്യല്‍സിന് അതിര്‍ത്തി ജില്ലകളിലെ പാക് ആക്രമണത്തിന്റെ അറിയിപ്പ് ലഭിച്ചത്. പിന്നാലെ ഗ്രൗണ്ടിലെ ഫ്‌ലഡ് ലൈറ്റുകള്‍ ഓഫായി. ഉടന്‍ മത്സരവും നിര്‍ത്തിവച്ചു.
ഈ സമയം മത്സരം കാണാനായി പതിനായിരക്കണക്കിന് ക്രിക്കറ്റ് ആരാധകര്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശകളിക്കാരെല്ലാം സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ കളിക്കാര്‍ സുരക്ഷാ ആശങ്കകള്‍ പ്രകടിപ്പിക്കുകയും നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.