ബെംഗളൂരു: ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഓര്‍ക്കാനിഷ്ടപ്പെടാത്ത ദിനവുമായി ടീം ഇന്ത്യ. ന്യൂസിലന്റിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം 46 റണ്‍സിന് പുറത്തായി ഇന്ത്യന്‍ ടീം. ബംഗ്ലാദേശിനെതിരേ 20-20 സ്റ്റൈലില്‍ ബാറ്റ് വീശി ജയം നേടിയ ഇന്ത്യയെ കിവികള്‍ തകര്‍ത്തെറിയുകയായിരുന്നു. ഇന്ത്യയെ അഞ്ച് വിക്കറ്റ് നേടിയ മാറ്റ് ഹെന്റിയും നാല് വിക്കറ്റ് നേടിയ വ്യല്യം ഒറൗര്‍ക്കെയുമാണ് തകര്‍ത്തത്. 20 റണ്‍സ് നേടിയ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 13 റണ്‍സ് നേടി യശസ്വി ജയ്സ്വാളാണ് രണ്ടക്കം കണ്ട മറ്റൊരു താരം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (2)റണ്‍സെടുത്ത് പുറത്തായി.
അഞ്ച് താരങ്ങള്‍ റണ്‍സെടുക്കാതെ പുറത്തായി. വിരാട് കോഹ്‌ലി (0), സര്‍ഫറാസ് ഖാന്‍ (0), കെ.എല്‍ രാഹുല്‍ (0), രവീന്ദ്ര ജഡേജ (0), ആര്‍. അശ്വിന്‍ (0) എന്നിവരാണ് ഡക്കായി പുറത്തായവര്‍. വെറും 15 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റിയും 22 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ വില്യം ഒറുര്‍ക്കും ചേര്‍ന്നാണ് പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയെ പവലിയനിലേക്കയച്ചത്.
2020ല്‍ അഡ്ലെയ്ഡില്‍ ഓസ്ട്രേലിയക്കെതിരേ 36 റണ്‍സിനും 1974-ല്‍ ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരേ 42 റണ്‍സിനും പുറത്തായശേഷമുള്ള ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറും ബെംഗളൂരുവില്‍ പിറന്നു. നാട്ടില്‍ ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്‌കോര്‍ എന്ന നാണക്കേടും. 1987-ല്‍ ഡല്‍ഹിയില്‍ വെസ്റ്റിന്‍ഡീസിനോട് 75 റണ്‍സിന് ഓള്‍ഔട്ടായതായിരുന്നു നാട്ടില്‍ ഇതിനു മുമ്പത്തെ ഇന്ത്യയുടെ ചെറിയ ടെസ്റ്റ് സ്‌കോര്‍.
മറുപടി ബാറ്റിങില്‍ 24 ഓവറില്‍ ന്യൂസിലന്റ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെടുത്തിട്ടുണ്ട്. 44 റണ്‍സിന്റെ ലീഡാണ് ന്യൂസിലന്റ് നേടിയത്.ഡേവൊണ്‍ കോണ്‍വെയും (64), വില്‍ യെങുമാണ് (10) ക്രീസില്‍. ടോം ലഥാമിന്റെ (15) വിക്കറ്റാണ് നഷ്ടമായത്. കുല്‍ദീപ് യാദവിനാണ് വിക്കറ്റ്.