മുംബൈ; ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പര 4-1ന് സ്വന്തമാക്കി ഇന്ത്യ. ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച ഇന്ത്യക്ക് മൂന്നാം ടി -20 മത്സരം മാത്രമാണ് കൈവിട്ടത്. ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യ ഓള്‍ റൗണ്ടിങ് പ്രകടനം നടത്തിയാണ് ജയം സ്വന്തമാക്കിയത്. 248 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 10.3 ഓവറില്‍ 97 റണ്‍സ് മാത്രമെടുത്ത് ഓള്‍ ഔട്ടായി. ഇന്ത്യയ്ക്കുവേണ്ടി മുഹമ്മദ് ഷമി മൂന്നു വിക്കറ്റു നേടി. വരുണ്‍ ചക്രവര്‍ത്തിയും ശിവം ദുബെയും അഭിഷേക് ശര്‍മയും രണ്ടുവീതം വിക്കറ്റു നേടി. രവി ബിഷ്ണോയി ഒരു വിക്കറ്റു വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റുനഷ്ടത്തില്‍ 247 നേടിയിരുന്നു. അഭിഷേക് ശര്‍മയുടെ അതിവേഗ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്. 54 പന്തില്‍ 135 റണ്‍സ് നേടിയ അഭിഷേക്, ടി-20-യില്‍ ഇന്ത്യക്കാരന്റെ വേഗമേറിയ രണ്ടാം സെഞ്ചുറിയെന്ന റെക്കോര്‍ഡും സ്വന്തമാക്കി. 35 പന്തില്‍ സെഞ്ചുറി തികച്ച രോഹിത് ശര്‍മയാണ് ഈ നേട്ടത്തില്‍ അഭിഷേകിന്റെ മുന്നിലുള്ളത്. 37 പന്തിലായിരുന്നു അഭിഷേക് ശര്‍മ നൂറ് തൊട്ടത്ത്.
ഇന്ത്യന്‍ നിരയില്‍ ശിവം ദുബെ (13 പന്തില്‍ 30), തിലക് വര്‍മ (15 പന്തില്‍ 24), സഞ്ജു സാംസണ്‍ (ഏഴ് പന്തില്‍ 16), അക്സര്‍ പട്ടേല്‍ (11 പന്തില്‍ 15) എന്നിവരാണ് രണ്ടക്കം കടന്നത്. മൂന്നു പന്തില്‍ രണ്ടു റണ്‍സ് നേടിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പരമ്പരയിലുടനീളം പരാജയമായി. ആറ് പന്തില്‍ ഒമ്പതുറണ്‍സ് വീതം നേടിയ ഹാര്‍ദിക് പാണ്ഡ്യയും റിങ്കു സിങ്ങും നിരാശപ്പെടുത്തി.
മികച്ച തുടക്കത്തോടെ പ്രതീക്ഷ നല്‍കിയെങ്കിലും മലയാളി താരം സഞ്ജു പതിവ് പിഴവ് ആവര്‍ത്തിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞു. ജോഫ്ര ആര്‍ച്ചറുടെ ആദ്യ ഓവറില്‍ തകര്‍ത്തടിച്ചാണ് സഞ്ജു തുടങ്ങിയത്. ആദ്യ പന്തില്‍ സിക്സോടെയാണ് തുടങ്ങിയത്. ആദ്യ ഓവറില്‍ പിറന്നത് രണ്ട് സിക്സും ഒരു ഫോറും അടക്കം 16 റണ്‍സ്. രണ്ടാം ഓവറില്‍ നേരിട്ട അടുത്ത പന്തില്‍ സഞ്ജു 16 റണ്‍സ് എടുത്ത് പുറത്താവുകയായിരുന്നു. പേസര്‍ മാര്‍ക് വുഡ് എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് ക്യാച്ച് നല്‍കിയായിരുന്നു സഞ്ജു മടങ്ങിയത്. ഷോര്‍ട്ട് പിച്ച് ബോളില്‍ പുള്‍ഷോട്ടിന് ശ്രമിച്ചാണ് പതിവ് പോലെ സഞ്ജു പുറത്തായത്.
ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡണ്‍ കാഴ്‌സ് മൂന്നുവിക്കറ്റ് നേടി. മാര്‍ക്ക് വുഡ് രണ്ടുവിക്കറ്റും ജോഫ്രാ ആര്‍ച്ചറും ജെയ്മി ഓവര്‍ടണും ആദില്‍ റാഷിദും ഓരോ വിക്കറ്റുവീതവും വീഴ്ത്തി. നാല് ഓവര്‍ എറിഞ്ഞ ജോഫ്ര ആര്‍ച്ചറാണ് ഇംഗ്ലണ്ട് നിരയില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയത്.
വാങ്കഡെയില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍നിന്ന് ഓരോ മാറ്റങ്ങളോടെയാണ് ഇരുടീമുകളും ഇറങ്ങിയത്. ഇംഗ്ലണ്ട് നിരയില്‍ സാക്കിബ് മഹ്‌മൂദിന് പകരം മാര്‍ക് വുഡ് തിരിച്ചെത്തി. അര്‍ഷദീപ് സിങ്ങിന് പകരം ഇന്ത്യന്‍ നിരയില്‍ മുഹമ്മദ് ഷമി ടീമിലെത്തി.