മസ്‌കറ്റ്: ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സൗദിയെ തോല്‍പ്പിച്ച് ഒമാന്‍ 26-മത് ഗള്‍ഫ് കപ്പ് ഫൈനലില്‍ പ്രവേശിച്ചു. കുവൈറ്റില്‍ ചൊവ്വാഴ്ച നടന്ന ത്രസിപ്പിക്കുന്ന മത്സരത്തിലാണ് ഒമാന്റെ ജയം. പത്ത് കളിക്കാരുമായാണ് ഒമാന്റെ വിജയം. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഒമാന്‍ ഗള്‍ഫ് കപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
മത്സരത്തിന്റെ 34ാം മിനിറ്റില്‍ അല്‍ മന്ദാര്‍ അല്‍ അലവി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് പത്ത് കളിക്കാരുമായി കളിച്ച ഒമാന്‍, 74ാം മിനിറ്റില്‍ അര്‍ഷദ് അല്‍ അലവിയുടെ അത്ഭുതഗോളിലൂടെ 1-0ന്റെ ലീഡ് നേടി. പിന്നീട് 84ാം മിനിറ്റില്‍ അലി അല്‍ ബുസൈദിയിലൂടെ ഒമാന്‍ ലീഡ് വര്‍ദ്ധിപ്പിച്ചു. സ്‌കോര്‍ 2-0 . 87ാം മിനിറ്റില്‍ മുഹമ്മദ് കാനോ സൗദിക്കായി ആശ്വാസ ഗോള്‍ നേടി. ബഹ്‌റൈന്‍-കുവൈത്ത് മത്സരത്തിലെ വിജയികളുമായി ഒമാന്‍ ഫൈനലില്‍ മാറ്റുരയ്ക്കും. ജനുവരി നാലിനാണ് ഫൈനല്‍.