ലണ്ടന്‍: അടുത്തിടെ മരിച്ച ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ ഗ്രഹാം തോര്‍പ്പിന്റെ മരണ കാരണം പുറത്ത്. ഗ്രഹാം തോര്‍പ്പ് ജീവനൊടുക്കിയതാണെന്നു ഭാര്യയുടെ വെളിപ്പെടുത്തല്‍. ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് താരം മരിച്ചത്. വിഷാദ രോഗം കാരണം ഗ്രഹാം തോര്‍പ്പ് ജീവിതം അവസാനിപ്പിക്കുകയായിരുന്നുവെന്ന് ഭാര്യ അമാന്‍ഡ ഇന്ന് അറിയിക്കുകയായിരുന്നു. കുറച്ചു വര്‍ഷങ്ങളായി തോര്‍പ്പ് വിഷാദ രോഗത്തിലായിരുന്നെന്നും ചികിത്സകളൊന്നും ഫലം കണ്ടില്ലെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ പ്രതികരിച്ചു.
”ഞാനും മക്കളും അദ്ദേഹത്തെ വളരെയേറെ സ്നേഹിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ അവസ്ഥയില്‍ മാറ്റമുണ്ടായില്ല. അടുത്ത കാലത്ത് ആരോഗ്യം വളരെ മോശമായി. അദ്ദേഹമില്ലെങ്കില്‍ ഞങ്ങളുടെ ജീവിതം മെച്ചപ്പെട്ടതാകുമെന്നു കരുതിക്കാണും.” അമാന്‍ഡ പറയുന്നു. ”2022 മേയില്‍ ഗ്രഹാം ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം ഏറെക്കാലം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞു. ഗ്രഹാമിന്റെ കാര്യത്തില്‍ ചെറിയ പ്രതീക്ഷകളുണ്ടായിരുന്നെങ്കിലും, പിന്നീട് അവസ്ഥ വീണ്ടും വഷളായി. ഒരുപാടു ചികിത്സിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.” അമാന്‍ഡ വ്യക്തമാക്കി.
1993 മുതല്‍ 2005 വരെ ഇംഗ്ലണ്ട് ടീമില്‍ കളിച്ചിട്ടുള്ള തോര്‍പ്പ് 100 ടെസ്റ്റ് മത്സരങ്ങളില്‍ ഇറങ്ങിയിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി 6,744 റണ്‍സ് താരം സ്കോര്‍ ചെയ്തിട്ടുണ്ട്. കൗണ്ടി ക്രിക്കറ്റില്‍ സറെയുടെ താരമായിരുന്നു. ക്ലബ്ബിനായി 20,000 ത്തോളം റണ്‍സാണു താരം അടിച്ചുകൂട്ടിയത്. 2005ലായിരുന്നു താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.