കറാച്ചി: പാകിസ്ഥാന്‍ ഏകദിന, ട്വന്റി-20 ടീമിന്റെ പരിശീലക സ്ഥാനം രാജിവെച്ച് ഗാരി കിര്‍സ്റ്റന്‍. പാക് വൈറ്റ് ബോള്‍ ടീമിന്റെ നായകനായി മുഹമ്മദ് റിസ്വാനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് രണ്ട് വര്‍ഷ കാലാവധിയുള്ള കിര്‍സ്റ്റന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. ടെസ്റ്റ് ടീം പരിശീലകനായ ജേസണ്‍ ഗില്ലെസ്പിയെ വൈറ്റ് ബോള്‍ ടീമിന്റെ കൂടി പരിശീലകനായി പാക് ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചു.
ടീം തെരഞ്ഞെടുപ്പില്‍ കോച്ചിന് പങ്കുണ്ടാവില്ലെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാടാണ് കിര്‍സ്റ്റന്റെ പൊടുന്നനെയുള്ള രാജിയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ടെസ്റ്റ് പരമ്പരക്കിടെ മത്സരദിവസങ്ങളില്‍ ടീമിന്റെ തന്ത്രങ്ങള്‍ മെനയുക മാത്രമാണ് തന്റെ ഉത്തരവാദിത്തമെന്ന് ജേസണ്‍ ഗില്ലെസ്പിയും വ്യക്തമാക്കിയിരുന്നു. മുഹമ്മദ് റിസ്വാനെ പാക് വൈറ്റ് ബോള്‍ ടീം ക്യാപ്റ്റനായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നോട് അഭിപ്രായം പോലും ചോദിച്ചില്ലെന്ന് കിര്‍സ്റ്റന് പരാതിയുണ്ടായിരുന്നു. പാകിസ്ഥാനിലുണ്ടായിട്ടും പത്രസമ്മേളനത്തിലൂടെയാണ് താനീ വിവരം അറിയുന്നതെന്നും കിര്‍സ്റ്റന്‍ തന്റെ അടുത്ത സുഹൃത്തുക്കളോട് വ്യക്തമാക്കിയിരുന്നുവെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്‍ തോറ്റശേഷം പാക് ടീം സെലക്ഷന്‍ കമ്മിറ്റിയില്‍ പുതിയ അംഗങ്ങളെ ചേര്‍ത്ത് വിപുലീകരിച്ചിരുന്നു. അക്വിബ് ജാവേദ്, മുന്‍ അമ്പയര്‍ കൂടിയായ അലീം ദാര്‍, അസ്ഹര്‍ അലി, ആസാജ് ഷഫീഖ്, ഹസന്‍ ചീമ എന്നിവരെയാണ് സെലക്ഷന്‍ കമ്മിറ്റിയിലെടുത്തത്. ടീം സെലക്ഷന്‍ പൂര്‍ണമായും ഇവരുടെ ചുമതലയാണെന്നും പരിശീലകര്‍ക്ക് ഇതില്‍ ഇടപെടാനാവില്ലെന്നും പാക് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമന്റെ പരിശീലകനായിരുന്ന ഗാരി കിര്‍സ്റ്റന്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ മെന്ററും ബാറ്റിംഗ് പരിശീലകനുമായിരിക്കെയാണ് ഈ വര്‍ഷം ഏപ്രിലില്‍ പാക് വൈറ്റ് ബോള്‍ ടീം പരിശീലകനായി പോയത്.