ന്യൂയോര്‍ക്ക്: പാക്കിസ്ഥാന് മുന്‍ ക്രിക്കറ്റ് താരം റാസ ഹസന് വിവാഹം ചെയ്യുന്നത് ഇന്ത്യക്കാരിയെ. ഇന്ത്യക്കാരിയായ പൂജ ബൊമനെയാണ് പാക്കിസ്ഥാന് മുന്‍ താരം വിവാഹം ചെയ്യാനൊരുങ്ങുന്നത്. തന്റെ വിവാഹ അഭ്യര്‍ഥനയ്ക്ക് പൂജ യെസ് പറഞ്ഞതായി റാസ ഹസന് സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു. അടുത്ത വര്‍ഷമായിരിക്കും വിവാഹം. ന്യൂയോര്ക്കില്വച്ചായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.
പാക്കിസ്ഥാനു വേണ്ടി 10 ട്വന്റി20 മത്സരങ്ങളും ഒരു ഏകദിനവും കളിച്ച താരമാണ് 32 വയസ്സുകാരനായ റാസ ഹസന്. ക്രിക്കറ്റില്‍നിന്നു വിരമിച്ച ശേഷം റാസ ഹസന് യുഎസിലേക്കു കുടിയേറുകയായിരുന്നു. 32 വയസ്സുകാരിയായ പൂജയും യുഎസില്‍ സ്ഥിരതാമസമാണ്.
സ്പിന്‍ ബോളറായ റാസ 2014 ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലാണ് പാക്കിസ്ഥാനു വേണ്ടി ഒടുവില്‍ കളിച്ചത്. 2021 വരെ പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നു. ലഹോര്‍ ക്വാലാന്‍ഡേഴ്സ്, സിയാല്‍കോട്ട് സ്റ്റാലിയന്‍സ് ടീമുകള്‍ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.