ദുബായ്: വനിതാ ട്വന്റി -20 ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണ്ണായക മല്‍സരം. ആദ്യ മല്‍സരത്തില്‍ ന്യൂസിലന്റിനോട് പരാജയപ്പെട്ട് രണ്ടാം മല്‍സരത്തില്‍ പാകിസ്താനെ വീഴ്ത്തിയ ഇന്ത്യയുടെ ഇന്നത്തെ എതിരാളികള്‍ ശ്രീലങ്കയാണ്. ദുബായില്‍ വൈകിട്ട് ഏഴരയ്ക്കാണ് മല്‍സരം. ശ്രീലങ്കയ്ക്കെതിരെ ജയം മാത്രം പോര ഇന്ത്യക്ക്, സെമിപ്രതീക്ഷ നിലനിര്‍ത്താന്‍ തകര്‍പ്പന്‍ വിജയം തന്നെവേണം. ആദ്യ മല്‍സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റ ഇന്ത്യ, പാകിസ്ഥാനെ തോല്‍പിച്ച് വിജയവഴിയില്‍ എത്തിയെങ്കിലും റണ്‍നിരക്കില്‍ വളരെ പിന്നിലാണ്.
പരിക്കേറ്റ പൂജ വസ്ത്രാകറിന് പകരം മലയാളിതാരം സജന സജീവന്‍ ടീമില്‍ തുടര്‍ന്നാല്‍ രണ്ട് മലയാളിതാരങ്ങള്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യന്‍നിരയിലുണ്ടാവും. സജനയ്ക്ക് പകരം പൂജ വസ്ത്രകര്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ട്. ആദ്യരണ്ട് കളിയിലും വിക്കറ്റ് വീഴ്ത്തിയ ആശ ശോഭന ടീമില്‍ സ്ഥാനം ഉറപ്പിച്ചു. ഓപ്പണര്‍മാരായ ഷഫാലി വര്‍മയും സ്മൃതി മന്ദനായും റണ്‍സ് കണ്ടെത്താന്‍ പാടുപെടുന്നതാണ് ഇന്ത്യയുടെ പ്രധാന ആശങ്ക. ചാംപ്യന്‍മാരായ ഓസ്ട്രേലിയയെ നേരിടും മുന്‍പ് ലങ്കയെ തോല്‍പിച്ച് കളിയുടെ എല്ലാ മേഖലയിലും മികവിലേക്ക് എത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ആദ്യരണ്ട് കളിയും തോറ്റ ലങ്കടയുടെ സെമിപ്രതീക്ഷ ഏറെക്കുറെ അവസാനിച്ചു. ഇരുടീമും ഏറ്റുമുട്ടിയത് 24 മല്‍സരത്തിലാണ്. പത്തൊന്‍പതിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ലങ്ക ജയിച്ചത് അഞ്ച് മല്‍സരത്തിലാണ്. ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടിയ ഏഷ്യാകപ്പ് ഫൈനലില്‍ ജയം ലങ്കയ്ക്കൊപ്പമായിരുന്നു.