വാഷിംഗ്ടൺ– ലോകകപ്പ് ഫുട്ബോളിൽ റെഡ് കാർഡ് കണ്ട് പുറത്തായ യു.എസ് താരം ഫോളാരിൻ ബലോഗന്റെ വിലക്ക് ഫിഫ അപ്രതീക്ഷിതമായി നീക്കി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ നേരിട്ട് വിളിച്ച് സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് ഈ നാടകീയ നീക്കമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫിഫയുടെ ഈ നടപടിക്കെതിരെ ഫുട്ബോൾ ലോകത്ത് നിന്ന് കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.
ബോസ്നിയക്കെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിനിടെയാണ് അമേരിക്കയുടെ മുൻനിര സ്ട്രൈക്കറായ ബലോഗന് റെഡ് കാർഡ് ലഭിച്ചത്. ഫിഫ നിയമപ്രകാരം നേരിട്ട് റെഡ് കാർഡ് ലഭിക്കുന്ന താരത്തിന് അടുത്ത മത്സരത്തിൽ ഓട്ടോമാറ്റിക് വിലക്ക് നേരിടേണ്ടി വരും. എന്നാൽ, ബെൽജിയവുമായുള്ള നിർണായക പ്രീ-ക്വാർട്ടർ മത്സരത്തിന് തൊട്ടുമുമ്പ് ബലോഗന്റെ വിലക്ക് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തതായി ഫിഫ അച്ചടക്ക സമിതി പ്രഖ്യാപിക്കുകയായിരുന്നു.
താരത്തിന് മേലുള്ള വിലക്ക് നീക്കിയതിന് പിന്നാലെ ഫിഫയ്ക്ക് നന്ദി പറഞ്ഞ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഫിഫ ശരിയായ കാര്യമാണ് ചെയ്തതെന്നും വലിയൊരു അനീതിയാണ് തിരുത്തിയതെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
അതേസമയം, ഫിഫയുടെ ഈ തീരുമാനത്തിനെതിരെ ബെൽജിയം ഫുട്ബോൾ അസോസിയേഷൻ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഫിഫയുടെ സ്വന്തം നിയമപുസ്തകത്തിന് വിരുദ്ധമാണ് ഈ നടപടിയെന്നും കായികരംഗത്തെ സുതാര്യതയും ഫെയർ പ്ലേയും സംരക്ഷിക്കാൻ സാധ്യമായ എല്ലാ നിയമവഴികളും തേടുമെന്നും അവർ വ്യക്തമാക്കി. ഫുട്ബോളിൽ രാഷ്ട്രീയ ഇടപെടലുകൾ നടത്തുന്നത് കളിയിലെ അച്ചടക്കത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് മറ്റ് ഫുട്ബോൾ പണ്ഡിതരും ആരാധകരും.



