മിലാൻ: യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ രണ്ടാം പാദത്തിൽ ഇന്റർ മിലാനും ബാഴ്‌സലോണയും ഇന്ന് കൊമ്പുകോർക്കുന്നു. സൗദി സമയം രാത്രി പത്ത് മണി മുതൽ (ഇന്ത്യൻ സമയം അർധരാത്രി 12.30) മിലാനിലെ ഗിസെപ്പെ മേസ സ്റ്റേഡിയത്തിലാണ് മത്സരം. ബാഴ്‌സലോണയുടെ തട്ടകത്തിൽ നടന്ന ആദ്യപാദത്തിൽ ഇരുടീമുകളും മൂന്നു ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞതിനാൽ ഇന്നത്തെ ജേതാക്കൾ ഫൈനലിലേക്ക് മുന്നേറും. നാളെ പാരിസ് സെന്റ് ജർമനും ആഴ്‌സലനും തമ്മിലാണ് മറ്റൊരു സെമിഫൈനൽ. എവേ ഗ്രൗണ്ടിൽ ആദ്യപാദം ഒരു ഗോളിന് ജയിച്ച പി.എസ്.ജി വർധിതവീര്യത്തോടെയാണ് ഹോം ഗ്രൗണ്ടിൽ ഇറങ്ങുന്നത്.
ഹാൻസി ഫ്‌ളിക്കിനു കീഴിൽ മിന്നും കുതിപ്പ് നടത്തുന്ന ബാഴ്‌സലോണയുടെ ഗോൾവലയിൽ അവരുടെ തട്ടകത്തിൽ ചെന്ന് മൂന്നു ഗോൾ നിക്ഷേപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്റർ ഇന്ന് സ്വന്തം കാണികൾക്കു മുന്നിൽ ഇറങ്ങുന്നത്. ബാഴ്‌സലോണയിലെ ഒളിംപിക് സ്റ്റേഡിയത്തിൽ രണ്ടു ഗോൾ ലീഡ് വഴങ്ങിയ ശേഷമാണ് ബാഴ്‌സ കളിയിലേക്ക് തിരിച്ചുവന്നത്. ഹൈലൈൻ ഡിഫൻസ് ഉപയോഗിച്ചുള്ള ഫ്‌ളിക്കിന്റെ ആക്രമണതന്ത്രങ്ങളുടെ ദൗർബല്യങ്ങൾ ഇന്റർ തുറന്നുകാട്ടിയ മത്സരം കൂടിയായിരുന്നു അത്. ലമീൻ യമാൽ, റഫിഞ്ഞ എന്നീ യുവതാരങ്ങളുടെ മികവിലായിരുന്നു ബാഴ്‌സയുടെ ശക്തമായ തിരിച്ചുവരവ്.
പ്രതിരോധത്തിൽ കരുത്തരായ ഇന്റർ മിലാനെതിരെ അവരുടെ തട്ടകത്തിൽ ഫ്‌ളിക്കിനും കുട്ടികൾക്കും ഇന്ന് കാര്യങ്ങൾ അത്ര എളുപ്പമാവില്ല. ആദ്യപാദത്തിൽ ഇന്റർ കാണിച്ച തീവ്രതയും പ്രത്യാക്രമണവും ഇന്ന് വർധിത വീര്യത്തിൽ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ഇന്ററിനെതിരെ ആറു തവണ ചാമ്പ്യൻസ് ലീഗ് എവേ മത്സരങ്ങൾ കളിച്ച ബാഴ്‌സയ്ക്ക് ഒരിക്കൽ മാത്രമാണ് ജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. മറ്റ് ഇറ്റാലിയൻ ടീമുകൾക്കെതിരെയും കാറ്റലൻമാരുടെ റെക്കോർഡ് അത്ര മികച്ചതല്ല.
പരിക്കു കാരണം ആദ്യപാദം നഷ്ടമായ റോബർട്ട് ലെവൻഡവ്‌സ്‌കി ടീമിൽ തിരിച്ചെത്തിയിട്ടുണ്ടെങ്കിലും പകരക്കാരനായി ഇറങ്ങാനാണ് സാധ്യത. പരിക്കേറ്റ വലതു വിങ്ബാക്ക് യൂൾസ് കുണ്ടേ മിലാനിലേക്ക് യാത്ര ചെയ്തിട്ടില്ല. പരിക്കിന്റെ പിടിയിലുള്ള അലയാന്ദ്രോ ബാൾദെയും ടീമിനൊപ്പമില്ല.
ആദ്യപാദത്തിൽ ബാഴ്‌സയുടെ തിരിച്ചുവരവിന് ചുക്കാൻ പിടിച്ച ലമീൻ യമാലിനെ തളക്കുക എന്നത് ശ്രമകരമാവും എന്ന് ഇന്റർ മാനേജർ ഫിലിപ്പോ ഇൻസാഗി വ്യക്തമാക്കിയിട്ടുണ്ട്. ബാഴ്‌സലോണയിൽ നടന്ന മത്സരത്തിൽ യമാലിനെ നിയന്ത്രിക്കാൻ മൂന്ന് കളിക്കാരെ നിയോഗിച്ചിട്ടും ഫലം കണ്ടില്ല എന്ന് ഇൻസാഗി പറഞ്ഞു.