ലൂയിസ് സുവാരസ് എന്ന ഉറുഗ്വെ താരം തന്റെ അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയറിന് വിടപറയാനിരിക്കുകയാണ്. ഈ വരുന്ന വെള്ളിയാഴ്ച ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പരാഗ്വെയ്‌ക്കെതിരേയാണ് താരത്തിന്റെ അവസാന മല്‍സരം. 38കാരനായ സുവാരസ് ലോക ഫുട്‌ബോളിലെ മിന്നും താരങ്ങളില്‍ ഒരാളായി കൊണ്ടാണ് വിരമിക്കുന്നത്. നിലവില്‍ ഉറുഗ്വെ ടീമിനൊപ്പം താരം മിന്നും ഫോമിലാണ്. ഈ ഫോമില്‍ നില്‍ക്കുമ്പോള്‍ തന്നെ വിടപറയണമെന്നാണ് സുവാരസിന്റെ മോഹം. നിലവില്‍ ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോളില്‍ ഉറുഗ്വെ സൂപ്പര്‍ ഫോമിലാണ്. അര്‍ജന്റീന കഴിഞ്ഞാല്‍ ഏറ്റവും മികച്ച ടീമെന്ന ഖ്യാതി സംശയമില്ലാതെ ഉറുഗ്വെയ്ക്ക് കൊടുക്കാം. ഉറുഗ്വെ എന്ന ടീമിന് ലോകത്തിന് മുന്നില്‍ ഒരു പേര് നല്‍കിയതിന് പിന്നില്‍ സുവാരസിന്റെ നേട്ടങ്ങള്‍ എടുത്തുപറയേണ്ടത് തന്നെയാണ്.
ഇക്കഴിഞ്ഞ കോപ്പാ അമേരിക്കയില്‍ ടീമിന് മൂന്നാം സ്ഥാനം ലഭിക്കാനുള്ള നിര്‍ണ്ണായക മല്‍സരത്തില്‍ സ്‌കോര്‍ ചെയ്തതും സുവാരസ് തന്നെയാണ്. കാനഡയ്‌ക്കെതിരേയുള്ള മല്‍സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് സുവാരസിന്റെ ആ വിജയഗോള്‍ പിറന്നത്. അന്ന് കോപ്പയിലെ അപൂര്‍വ്വ റെക്കോഡും സുവാരസ് തന്റെ പേരിലാക്കിയിരുന്നു. കോപ്പയിലെ ഏറ്റവും പ്രായം കൂടിയ സ്‌കോറര്‍ എന്ന റെക്കോഡാണ് സുവാരസ് സ്വന്തമാക്കിയത്. കളിക്കളത്തിലെ ഓരോ നിമിഷവും ആസ്വാദിക്കുന്ന വ്യക്തിയാണ് സുവാരസ്. കോപ്പയിലെ ആദ്യ മല്‍സരങ്ങളില്‍ സുവാരസിനെ ബെഞ്ചിലിരുത്തിയിരുന്നു. ഒരു മല്‍സരത്തില്‍ താരം കളിച്ചത് ഏഴ് മിനിറ്റായിരുന്നു. ഈ ഏഴ് മിനിറ്റ് ഞാന്‍ നന്നായി ആസ്വദിക്കുന്നൂ എന്നാണ് സുവാരസ് പറഞ്ഞത്.
ഗോള്‍ നേടിയ ശേഷം ബാന്‍ഡേജ് കെട്ടിയ വലത് കൈപ്പത്തിയ്ക്ക് ചുംബിക്കുന്ന സുവാരസിനെ ഇനി ആരാധകര്‍ക്ക് കാണാന്‍ കഴിയില്ല. 17 വര്‍ഷം നീണ്ട ദേശീയ ടീമിനൊപ്പമുള്ള കരിയറിനാണ് താരം അവസാനം കുറിക്കുന്നത്. നിലവില്‍ താരം ഇന്റര്‍മിയാമിയില്‍ മെസ്സിക്കൊപ്പമാണ് കളിക്കുന്നത്. തന്റെ ക്ലബ്ബ് ഫുട്‌ബോള്‍ കരിയര്‍ അവസാനിക്കുന്നത് മെസ്സിക്കൊപ്പം ആയിരിക്കണമെന്നാണ് സുവാരസിന്റെ മോഹം.
ബാഴ്‌സലോണയില്‍ ഏറെ പ്രശ്‌സ്തമായിരുന്നു എംഎന്‍എസ് ത്രയം. മെസ്സിയും നെയ്മറും സുവാരസും ബാഴ്‌സയ്ക്കായി കളിക്കുന്ന കാലം ക്ലബ്ബിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു. നിരവധി കിരീടങ്ങളാണ് ഈ ത്രയങ്ങള്‍ ബാഴ്‌സയ്ക്ക് നല്‍കിയത്.
2007ലാണ് താരം ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഹോളണ്ട് ക്ലബ്ബ് അയാക്‌സ് എഫ്‌സിയിലൂടെയാണ് താരത്തെ ലോകമറിഞ്ഞത്. 2011ല്‍ ഉറുഗ്വെ കോപ്പാ അമേരിക്ക കിരീടം നേടിയ ടീമില്‍ സുവാരസും ഉണ്ടായിരുന്നു. ഉറുഗ്വെയുടെ ഒന്നാം നമ്പര്‍ താരങ്ങളായ ഡിയാഗോ ഫൊര്‍ലാന്‍, കവാനി, ഡീഗോ ഗോഡിന്‍ എന്നിവര്‍ക്കൊപ്പമാണ് ആ കിരീട നേട്ടം.
രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഉറുഗ്വെ താരവും സുവാരസ് തന്നെ. 142 മല്‍സരങ്ങളില്‍ നിന്നായി താരം 69 ഗോളുകളാണ് നേടിയത്. സുവാരസ് പടിയിറങ്ങുന്നതോടെ യുഗാന്ത്യം എന്ന വരെ വിശേഷിപ്പിക്കാം. ലിവര്‍പൂള്‍, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നീ മുന്‍ നിര ടീമുകളുടെ നിര്‍ണ്ണായക സാന്നിധ്യമായിരുന്നു സുവാരസ്.
2010 ലോകകപ്പ് ക്വാര്‍ട്ടറില്‍ ഘാനയ്‌ക്കെതിരായ മല്‍സരത്തില്‍ താരം നടത്തിയ ഗോള്‍ ലൈന്‍ സേവും വിവാദമായിരുന്നു. ഈ സേവാണ് ഉറുഗ്വെയ്ക്ക് അന്ന് ജയമൊരുക്കിയത്. ഫ്രഞ്ച് താരം പാട്രിക്ക് എവറെയെ വംശീയമായി അധിക്ഷേപിച്ചതിന് സുവാരസിനെ ഫിഫ എട്ട് മല്‍സരങ്ങളില്‍ നിന്ന് വിലക്കിയതും ഏറെ വിവാദമായിരുന്നു.
ഇറ്റാലിയന്‍ താരം ജോര്‍ജ്ജിയോ ചെല്ലിനിയെ സുവാരസ് കടിച്ചത് ലോകഫുട്‌ബോള്‍ മറക്കാന്‍ ഇടയില്ലാത്ത സംഭവമാണ്. 2014 ലോകകപ്പിനിടെയായിരുന്നു സംഭവം. വിലക്കിനെ തുടര്‍ന്ന് സുവാരസിന് നഷ്ടമായത് 10 മല്‍സരങ്ങളാണ്. ചെല്‍സിയുടെ ബ്രാനിസ്ലാവിനെയും സുവാരസ് സമാനരീതിയില്‍ ആക്രമിച്ചിരുന്നു. അയാക്‌സിന് കളിക്കുമ്പോഴാണ് ഈ വിവാദം. 2014ലാണ് സുവാരസ് ബാഴ്‌സയിലെത്തുന്നത്. ഇവിടെ കുന്നോളം നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് താരം 2021ല്‍ അത്‌ലറ്റിക്കോ മാഡ്രിഡില്‍ എത്തുന്നത്. 2023ലാണ് ഉറ്റസുഹൃത്ത് മെസ്സിയോടൊപ്പം കളിക്കാന്‍ സുവാരസ് ഇന്റര്‍മിയാമിലെത്തിയത്. തങ്ങളുടെ അവസാന ക്ലബ്ബ് ഇന്റര്‍മിയാമിയാണെന്ന് ഇരുതാരങ്ങളും ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞിരുന്നു.